
ദില്ലി: അതിർത്തിയിലെ സംഘർഷത്തെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു. അതിർത്തിയിൽ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. സൈനികർ സായുധരായിരുന്നുവെന്നും ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ വർഷങ്ങളായുള്ള ധാരണപ്രകാരം തോക്കുകൾ ഉപയോഗിച്ചില്ലെന്നും ജയശങ്കർ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി പണ്ട് കരാർ ഒപ്പുവച്ചതെന്തിനെന്ന് രാഹുൽ വിശദീകരിക്കണമെന്ന് ബിജെപി വക്താവ് സംബിത് പാത്ര തിരിച്ചടിച്ചു.
അതേസമയം അതിർത്തിയിൽ കൂടുതൽ പ്രദേശങ്ങളിൽ ചൈന പ്രകോപനം തുടരുകയാണ്. ഗൽവാനുപുറമെ ഗോഗ്രയിലും കൂടുതൽ സൈനികരെ ചൈന എത്തിച്ചു. തിങ്കളാഴ്ചത്തെ സംഘർഷത്തിൽ 75 ഓളം ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാർ തീരുമാനിച്ചത് ഈ മാസം ആറിന്‍റെ പിൻമാറാനുള്ള ധാരണ നടപ്പാക്കാനാണ്. എന്നാൽ ചൈന കൂടുതൽ മേഖലകളിൽ പ്രകോപനം ഉണ്ടാക്കുകയാണ്. ഗൽവാൻ താഴ്വരയ്ക്കുമേൽ അവകാശവാദം ഉന്നയിച്ച ചൈനീസ് സേന ഗോഗ്ര മേഖലയിലും കൂടുതൽ സൈനികരെ എത്തിച്ചു. രണ്ടു കിലോമീറ്ററെങ്കിലും ഇവിടെയും ഇന്ത്യൻ മേഖലയിലേക്ക് ചൈന കടന്നു കയറിയിട്ടുണ്ട് എന്ന സൂചനകളാണ് പുറത്തു വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam