പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനമെഴുതി; കോണ്‍ഗ്രസ് വക്താവിന്‍റെ സ്ഥാനം തെറിച്ചു

By Web TeamFirst Published Jun 18, 2020, 12:22 PM IST
Highlights

ഒരു ദേശീയ മാധ്യമത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഝാ എഴുതിയ ലേഖനമാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണ് എന്നായിരുന്നു ഝായുടെ വിമര്‍ശനം. 

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടി വക്താവ് പദവിയില്‍ നിന്ന് നീക്കി. ഒരു മാധ്യമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് പിന്നാലെയാണ് നടപടി. ഇന്നലെയാണ് ഝായെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചത്. 

അഭിഷേക് ദത്ത്, സാധന ഭാരതി എന്നിവരെ കോണ്‍ഗ്രസ് നാഷണല്‍ മീഡിയ പാനലില്‍ നിയോഗിച്ചതായും കോണ്‍ഗ്രസ് അധ്യക്ഷ വിശദമാക്കി. ഒരു ദേശീയ മാധ്യമത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഝാ എഴുതിയ ലേഖനമാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണ് എന്നായിരുന്നു ഝായുടെ വിമര്‍ശനം. 

കോണ്‍ഗ്രസിനെ പുനരുദ്ധരിക്കാനും ഉയര്‍ച്ചയിലെത്തിക്കാനും  അശ്രാന്ത പരിശ്രമം വേണ്ട സമയത്താണ് ഈ നിലപാടെന്നും ഝാ കുറ്റപ്പെടുത്തിയിരുന്നു. ഗാന്ധിയന്‍ ആശയങ്ങള്‍ നെഹ്റുവിന്‍റെ കാഴ്ചപ്പാടിലൂടെ എന്നതാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത്  ശിഥിലമാകുന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും ഝാ പറയുന്നു. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കൊവിഡ്; ആര്‍ക്കും കൊവിഡ് വരാം ശ്രദ്ധിക്കണമെന്ന് ഝാ

click me!