കോടതി വിധി ഇന്ത്യയുടെ വിജയം; കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയയ്ക്കണമെന്നും വിദേശകാര്യമന്ത്രി

By Web TeamFirst Published Jul 18, 2019, 1:16 PM IST
Highlights

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. വിധിയെ അതിന്‍റെ എല്ലാവിധ അന്ത:സത്തയും ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
 

ദില്ലി: പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. വിധിയെ അതിന്‍റെ എല്ലാവിധ അന്ത:സത്തയും ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായ കോടതി അംഗീകരിക്കുകയാണുണ്ടായതെന്ന് മന്ത്രി രാജ്യസഭയില്‍ പ്രസ്താവിച്ചു. കുൽഭൂഷൺ ജാദവ് നിരപരാധിയാണ്. ഇന്ത്യയുടെ വിജയമാണ് കോടതിയിലുണ്ടായിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. പ്രതിസന്ധിഘട്ടങ്ങളിലും കുല്‍ഭൂഷണിന്‍റെ കുടുംബം സംയമനം കൈവിടാതെ നിലകൊണ്ടു. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കോടതിയില്‍ ഇന്ത്യക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെയുടെ കീഴിലുള്ള അഭിഭാഷകസംഘത്തെയും അഭിനന്ദിക്കുന്നതായും മന്ത്രി എസ് ജയശങ്കര്‍ സഭയില്‍ പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ തീരുമാനം അന്താരാഷ്ട്ര നീതിന്യായ കോടതി ഒന്നിനെതിരെ 15 വോട്ടുകള്‍ക്ക് തള്ളുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്‍റെ വാദവും കോടതി തള്ളിക്കളയുകയായിരുന്നു.   

click me!