ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബഞ്ച് പരിഗണിക്കില്ല, പകരം വിശാല വിഷയങ്ങൾ

Web Desk   | Asianet News
Published : Jan 13, 2020, 01:04 PM ISTUpdated : Jan 14, 2020, 01:05 PM IST
ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബഞ്ച് പരിഗണിക്കില്ല, പകരം വിശാല വിഷയങ്ങൾ

Synopsis

വിശാലമായ അർത്ഥത്തിൽ സ്ത്രീകൾക്ക് പള്ളികളിൽ കയറാനുള്ള അവകാശം, മതം മാറി വിവാഹം ചെയ്ത പാഴ്‍സി വനിതകൾക്ക് പ്രാർത്ഥന നടത്താനുള്ള അവകാശം, പെൺകുട്ടികൾക്ക് മേൽ നടത്തുന്ന ചേലാകർമ്മം പോലുള്ള ആചാരങ്ങൾ എന്നിവയടക്കം ഒമ്പതംഗ ബഞ്ച് പരിശോധിക്കും.

ദില്ലി: ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പകരം, പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിർണായക ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. വാദങ്ങൾ രൂപീകരിക്കാനും വാദികളാരെന്ന് തീരുമാനിക്കാനും കക്ഷികളോട് യോഗം ചേരാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിന് മൂന്നാഴ്ചത്തെ സമയവും നൽകി. ഈ മാസം 17-ന് കക്ഷികളുടെ യോഗം വിളിച്ചു ചേർക്കുന്നതിന്‍റെ ഏകോപനച്ചുമതല സുപ്രീംകോടതിയിലെ നാല് മുതിർന്ന അഭിഭാഷകർക്ക് നൽകുകയും ചെയ്തു.

ശബരിമല മാത്രമല്ല!

ശബരിമല മാത്രമായിരിക്കില്ല ഒമ്പതംഗ ബഞ്ച് പരിഗണിക്കുക എന്ന് വീണ്ടും ഇന്നത്തെ നടപടികളിലൂടെ സുപ്രീംകോടതി വ്യക്തമാക്കുന്നു. ശബരിമല പുനഃപരിശോധനാ ഹർജികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാകില്ല ഈ ബഞ്ചിന്‍റെ പരിധി. വിശാലമായ അർത്ഥത്തിൽ സ്ത്രീകൾക്ക് മുസ്ലിം പള്ളികളിൽ കയറാനുള്ള അവകാശം, മതം മാറി വിവാഹം ചെയ്ത പാഴ്‍സി വനിതകൾക്ക് പ്രാർത്ഥന നടത്താനുള്ള അവകാശം, പെൺകുട്ടികൾക്ക് മേൽ നടത്തുന്ന ചേലാകർമ്മം പോലുള്ള ആചാരങ്ങൾ അങ്ങനെ, അവകാശങ്ങൾ ഹനിക്കുന്നു എന്ന് പറയുന്ന എല്ലാ മതാചാരങ്ങളും പരിശോധിക്കാനും അവയ്ക്ക് എത്രത്തോളം ഭരണഘടനാപരമായി സാധുതയുണ്ടെന്ന് വിശകലനം ചെയ്യാനും ഒമ്പതംഗ ബഞ്ച് ശ്രമിക്കും. അതിനാലാണ് ശബരിമല പുനഃപരിശോധനാ ഹർജികൾ മാത്രമായി പരിഗണിക്കില്ലെന്ന് കോടതി പറയുന്നത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബഞ്ചിൽ ജസ്റ്റിസ് ആർ ഭാനുമതി മാത്രമാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, മോഹൻ എം ശാന്തനഗൗഡർ, അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങൾ. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ ഒരംഗങ്ങളും, എതിർവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയടക്കം പുതിയ ബഞ്ചിലില്ല എന്നതാണ് ശ്രദ്ധേയം.

ശബരിമല ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങൾ ഇവയാണ്: 

1. ഭരണഘടനയിൽ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകൾ (25, 26 അനുച്ഛേദങ്ങളും, 14-ാം അനുച്ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച് നിർത്താം?

2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25 (1) വകുപ്പിലെ 'പൊതുക്രമം, ധാർമികത, ആരോഗ്യം' എന്ന് വിവക്ഷിക്കുന്നത് എന്ത്?

3. ധാർമികത എന്നതോ ഭരണഘടനാപരമായ ധാർമികത എന്നതോ കൃത്യമായി ഭരണഘടന നിർവചിച്ചിട്ടില്ല. ഈ ധാർമികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?

4. ഒരു മതാചാരം, ആ മതത്തിന്‍റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാൻ കഴിയുമോ? അത് തീരുമാനിക്കാൻ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത്?

5. ഭരണഘടനയിലെ 25 (2)(b) വകുപ്പ് പ്രകാരം 'ഹിന്ദു' എന്നതിന്‍റെ നിർവചനം എന്ത്?

6. ഒരു വിഭാഗത്തിന്‍റെ/മതവിഭാഗത്തിന്‍റെ 'ഒഴിച്ചുകൂടാത്ത ആചാര'മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന 26-ാം അനുച്ഛേദത്തിന്‍റെ സംരക്ഷണമുണ്ടാകുമോ?

7. ഒരു മതത്തിന്‍റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?

അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന് പകരം സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്. നേരത്തേ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായിട്ടുള്ളതിനാലാണ് എജി ഇതിൽ നിന്ന് വിട്ടു നിൽക്കുന്നത്. കേസിൽ ബിന്ദു അമ്മിണിക്ക് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് ഹാജരായി. 

ശബരിമല പുനഃപരിശോധനാഹർജികളെ എതിർത്ത ഇന്ദിരാ ജയ്‍സിംഗ്, എന്തിനാണ് ഈ ഹർജികൾ ഒമ്പതംഗ ബഞ്ചിന് വിട്ടത് എന്ന് മനസ്സിലാകുന്നില്ലെന്ന് കോടതിയിൽ പറഞ്ഞു. അഞ്ചംഗ ബെഞ്ച് തയ്യാറാക്കിയ ഈ ചോദ്യങ്ങൾക്കൊന്നും നിയമപരമായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നതല്ലെന്നും ഇന്ദിര ജയ്‍സിംഗ് വാദിച്ചു.

ശിരൂർ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്യാത്തിടത്തോളം എന്തിന് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ച് 'ഹിന്ദു' എന്ന പദമെന്തെന്ന് വിശദീകരിക്കാനോ പരിശോധിക്കാനോ ശ്രമിക്കുന്നതെന്തിന് എന്നും ഇന്ദിരാ ജയ്‍സിംഗ് ചോദിക്കുന്നു. 

(എന്താണ് ശിരൂർ മഠം കേസിലെ വിധി? - മതങ്ങളിലെ അനുപേക്ഷണീയമായ ആചാരങ്ങളിൽ (ഏത് ആചാരങ്ങളിലും എന്നല്ല, അംഗീകരിക്കാവുന്നതായ ആചാരങ്ങളിൽ) നിയമം അഹിതകരമായി ഇടപെടേണ്ടതില്ല എന്നാണ് 1954-ൽ ഷിരൂർ മഠവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഏഴംഗഭരണഘടനാ ബഞ്ച് വിധിച്ചത്. ഒരു പ്രത്യേകമതവിഭാഗത്തെ എങ്ങനെ അംഗീകരിക്കണം എന്നതിനുള്ള നിയമപരമായ തത്വങ്ങളും ഷിരൂർ മഠം കേസിൽ വിശദീകരിച്ചിട്ടുണ്ട്. ഈ കേസുകളിലെ വിധിയുടെ അടിസ്ഥാനത്തിൽ അജ്മീർ ദർഗ കമ്മിറ്റി കേസിൽ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ചില ഭാഗങ്ങൾ പോലും വിശാല ബഞ്ച് പുനഃപരിശോധിക്കണമെന്നും ശബരിമല യുവതീ പ്രവേശനക്കേസിലെ പുനഃപരിശോധനാ ഹർജികളിലെ ഭൂരിപക്ഷ വിധി പറയുന്നുണ്ട്. അതിനാൽ ഷിരൂർ മഠം കേസിൽ പരോക്ഷമായെങ്കിലും ഒരു പുനഃപരിശോധന നടത്താനാണ് ചീഫ് ജസ്റ്റിസ് ഒമ്പതംഗ ബഞ്ച് രൂപീകരിച്ചതെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്)

വിശാല ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട അഞ്ചംഗ ബഞ്ചിന്‍റെ ചോദ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് ഇന്ദിരാ ജയ്‍സിംഗ് ചോദിച്ചു. ശബരിമല യുവതീപ്രവേശനവിധി തെറ്റാണെന്നോ നിയമപരമായി നിലനിൽക്കാത്തതാണെന്നോ ഇതുവരെ ഒരു കോടതിയോ ബഞ്ചോ പറഞ്ഞിട്ടില്ല. ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധി പറയാൻ ഈ ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ലെന്നും ഇന്ദിരാ ജയ്‍സിംഗ് വാദിച്ചു.

കേസിൽ പുതുതായി കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടവരോട് ഇപ്പോഴത് സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കോടതിയ്ക്ക് മതത്തിൽ എന്ത് ചെയ്യണമെന്നോ മതാചാരം എന്താണെന്നോ നിർദേശിക്കാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ആവശ്യപ്പെട്ടത്. സ്വാമി അഗ്നിവേശും കക്ഷി ചേരാൻ അപേക്ഷ നൽകി.

എന്നാൽ കേസിൽ പുതുതായി ആരെയും കക്ഷി ചേർക്കാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. എന്നാൽ ഒരു വാദങ്ങളെയും തള്ളുകയുമില്ല. എല്ലാ ഭാഗങ്ങളും കേൾക്കാനുള്ള അവസരം കോടതിയിലുണ്ടാകും. പക്ഷേ പലർ ഒരേ വാദം ആവർത്തിക്കുന്ന സ്ഥിതിയുണ്ടാകില്ല. അതിനൊരു കൃത്യമായ നടപടിക്രമവും നിർദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.

കക്ഷികൾ യോഗം ചേരാൻ നിർദേശം

കേസിൽ വാദങ്ങൾ ആവർത്തിക്കാതിരിക്കാനും എങ്ങനെ വാദങ്ങൾ ഏകോപിപ്പിക്കാമെന്നും പെട്ടെന്ന് വാദം പൂർത്തിയാക്കാമെന്നും തീരുമാനിക്കാൻ വ്യക്തമായ പദ്ധതിയുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ്. ഇതിനായി, ഒരു പദ്ധതിയും ചീഫ് ജസ്റ്റിസ് മുന്നോട്ടുവച്ചു. മൂന്നാഴ്ചത്തെ സമയം എല്ലാ കക്ഷികൾക്കും നൽകി. രണ്ടാഴ്ചക്കകം കേസിൽ വാദത്തിനുള്ള  ഒരുക്കങ്ങൾ നടത്താൻ ഹർജിക്കാർക്ക് നിർദ്ദേശവും നൽകി.

വാദം കേൾക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ യോഗം വിളിച്ചുചേർക്കും. സുപ്രീംകോടതി സെക്രട്ടറി ജനറലാകും യോഗം വിളിച്ച് ചേർക്കുക. ഈ മാസം 17-നാകും യോഗം നടക്കുക. വാദിക്കേണ്ടവരെയും യോഗത്തിൽ തീരുമാനിക്കും. 

യോഗം ഏകോപിപ്പിക്കാൻ നാല് മുതിർന്ന അഭിഭാഷകരെയും കോടതി ചുമതലപ്പെടുത്തി. മനു അഭിഷേക് സിംഗ്‍വി, സി എസ് വൈദ്യനാഥൻ, ഇന്ദിരാ ജയ്‍സിംഗ്, രാജീവ് ധവാൻ എന്നിവരാകും യോഗം ഏകോപിപ്പിക്കുക. 

ശബരിമല പുനഃപരിശോധനാ ഹർജികൾ ഇനി എപ്പോൾ?

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട 61 പുനഃപരിശോധനാ ഹർജികളും ഈ ഒമ്പതംഗബ‌ഞ്ചിന്‍റെ വിധി വന്ന ശേഷമേ ഇനി അഞ്ചംഗബഞ്ച് പരിഗണിക്കൂ. ആ ഹർജികൾ പരിഗണിക്കുന്നതാകട്ടെ, ഇപ്പോഴത്തെ ഒമ്പതംഗ ബഞ്ച് ഏഴ് വിഷയങ്ങളിൽ തീരുമാനമെടുത്തതിനെ അടിസ്ഥാനപ്പെടുത്തിയാകും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇനി വരാനിരിക്കുന്ന വിധി വൈകുമെന്നുറപ്പ്. 

2020 ജൂലൈ 12-നാണ് ഒമ്പതംഗ ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ആർ ഭാനുമതി വിരമിക്കുന്നത്. അതിന് മുമ്പ് ഒമ്പതംഗബഞ്ചിന്‍റെ വിധി വരുമെന്നുറപ്പാണ്. അതിന് ശേഷം, അഞ്ചംഗബഞ്ച് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കും. ആ ബഞ്ചും വാദങ്ങൾ കേട്ട് പൂർത്തിയാക്കി വിധി പറയണം.

ഇത്തരം വിപുലമായ നടപടികളിലേക്ക് സുപ്രീംകോടതി കടക്കുമ്പോഴും ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കുന്ന വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതകത്തിൻ്റെ കാരണം അവ്യക്തം; ബിജെപി നേതാവിൻ്റെ ബന്ധുവായ 17കാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ തിരഞ്ഞ് പഞ്ചാബ് പൊലീസ്
എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടി; ഫിറോസാബാദിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ