തെലങ്കാനയിൽ കിട്ടിയത് രാജകീയ സ്വീകരണം, എറണാകുളത്തെ എംഎൽഎമാ‍ർക്ക് നന്ദി: സാബു എം ജേക്കബ്

By Web TeamFirst Published Jul 11, 2021, 1:12 PM IST
Highlights

തെലങ്കാനയിൽ എനിക്കുണ്ടായ അനുഭവവും എന്നോടുള്ള അവരുടെ സമീപനവും  ഇവിടെ പറഞ്ഞാൽ കേരളത്തിൽ ഒരു വ്യവസായി പോലും ഇനി നിക്ഷേപം നടത്തില്ല.

കൊച്ചി: നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് തെലങ്കാന സർക്കാരുമായുള്ള ഔദ്യോഗിക ചർച്ചകൾക്ക് ശേഷം കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബും സംഘവും കൊച്ചിയിൽ തിരിച്ചെത്തി. രാജകീയ സ്വീകരണമാണ് തെലങ്കാന സർക്കാരിൽ നിന്നുണ്ടായതെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികൾ  പൂർത്തിയാക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു. കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപമായി ചിലവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. 

സാബു എം ജേക്കബിൻ്റെ വാക്കുകൾ - 

തെലങ്കാനയിൽ എനിക്ക് ലഭിച്ചത് രാജകീയമായ സ്വീകരണമാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികൾ പൂ‍ർത്തിയാക്കും. ഇതിനൊക്കെ ഏറ്റവും കൂടുതൽ കടപ്പാട് കുന്നതുനാട് എംഎൽഎയോടെയാണ്. ഇതോടൊപ്പം ഇതിനായി പ്രവ‍ർത്തിച്ച തൃക്കാക്കര, പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം എംഎൽഎമാരും ചാലക്കുടി എംപിയോടും നന്ദിയുണ്ട്. എന്താണ് വ്യവസായസൗഹൃദനയമെന്നും എങ്ങനെ ഒരു വ്യവസായിക്ക് കോടികൾ സമ്പാദിക്കാമെന്നും ഇവരാണ് എനിക്ക് മനസിലാക്കി തന്നത്. 

തെലങ്കാനയിൽ എനിക്കുണ്ടായ അനുഭവവും എന്നോടുള്ള അവരുടെ സമീപനവും  ഇവിടെ പറഞ്ഞാൽ കേരളത്തിൽ ഒരു വ്യവസായി പോലും ഇനി നിക്ഷേപം നടത്തില്ല. മുഖ്യമന്ത്രിക്ക് എൻ്റെ മനസിലുള്ള ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ട്. അദ്ദേഹം നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ഞാനൊരു ബിസനസുകാരനാണ് അതിനെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. എനിക്ക് നേരെയുള്ള രാഷ്ട്രീയമായ ആരോപണങ്ങളോട് രാഷ്ട്രീയ വേദിയിൽ വച്ച് ഞാൻ മറുപടി പറയാം. എൻ്റെ ഈ യാത്ര കേരളത്തിലെ വ്യവസായികൾക്കും മലയാളികൾക്കും ഒരു മാതൃകയാണ്. 

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖ‍ർ എന്നെ വിളിച്ചു സംസാരിച്ചിരുന്നു. ക‍ർണാടകയിൽ നിക്ഷേപം നടത്താൻ അദ്ദേഹം എന്നെ ക്ഷണിച്ചു. കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആലോചന നടത്തി അദ്ദേഹത്തിന് മറുപടി നൽകും. ഇതുകൂടാതെ വേറെ ചില മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാരും ഉന്നത ഉദ്യോ​ഗസ്ഥരും എന്നെ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ തുടർ ചർച്ചകൾ ഇനിയുള്ള ദിവസങ്ങളിലുണ്ടാവും. 

ഒരു ദിവസം ചർച്ച നടത്തി പിറ്റേ ദിവസം മടങ്ങി വരാം എന്നാണ് കരുതിയത്. ചർച്ചകളുടെ തുട‍ർച്ചയായി അവിടുത്തെ വ്യവസായ മേഖലകളിലും പാർക്കുകളിലുമൊക്കെ പോയി. അവിടെ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ റിം​ഗ് റോഡുകൾ, വൈദ്യുതി പദ്ധതികൾ, ജലസേചന പദ്ധതികൾ ഇവയെല്ലാം ഹെലികോപ്ടറിലൂടെ ആകാശ വീക്ഷണം നടത്തി. ഇങ്ങനെയാണ് ഒരു ദിവസത്തേക്ക് ഉദ്ദേശിച്ച ചർച്ചകൾ രണ്ട് ദിവസത്തേക്ക് നടത്തേണ്ടി വന്നത്.

 കേരളസർക്കാരുമായി ഇപ്പോഴും ചർച്ച നടത്താൻ ഒരു വിരോധവുമില്ല. ഒരു യു.ഡി ക്ലർക്കുമായി പോലും ചർച്ച നടത്താൻ എനിക്ക് മടിയില്ല. പക്ഷേ അങ്ങനെ ഒരു സാഹചര്യമേ ഉണ്ടായില്ല എന്നതാണ് സത്യം. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപം നടത്താൻ ഞാൻ ​ആ​ഗ്രഹിക്കുന്നില്ല. കേരളത്തിൽ വ്യവസായങ്ങൾ തുടരണോ എന്ന കാര്യത്തിൽ പുനരാലോചന നടത്തും. എല്ലാം സഹിച്ച് ഇവിടെ പിടിച്ചു നിന്നത് ഇവിടെയുള്ള എൻ്റെ തൊഴിലാളികളെ ഓ‍ർത്താണ്. ഒരു സർക്കാർ സംവിധാനം രാഷ്ട്രീയ പാർട്ടിയുടെ ഭാ​ഗമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നമ്മുക്ക് എന്തു ചെയ്യാനാവും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!