'മിക്സോപതി വേണ്ട'; എംബിബിഎസ്സുകാരുടെ ആയുഷ് പരിശീലനത്തെ എതിര്‍ത്ത് ഐഎംഎ

By Web TeamFirst Published Jul 11, 2021, 11:56 AM IST
Highlights

ഓരോ ചികിത്സാരീതിയും ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ഐഎംഎ

ദില്ലി: എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആയുഷ് ചികിത്സാ രീതിയിൽ പരിശീലനം നൽകുന്നതിനെതിരെ ഐഎംഎ രംഗത്ത്. വൈദ്യശാസ്ത്ര ശാഖകൾ കൂട്ടികുഴയ്ക്കുന്നത് മിക്സോപതി എന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് ഐഎംഎ വ്യക്തമാക്കി. മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ മാർഗ്ഗരേഖ ഉടൻ തിരുത്താനുള്ള നടപടി തുടങ്ങിയതായും ഐഎംഎ ഭാരവാഹികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എംബിബിഎസ് പൂർത്തിയാക്കിയ വി‍ദ്യാർത്ഥികൾക്ക്  ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി ആയുഷ് ചികിത്സാ രീതികളിൽ പരിശീലനം നൽകണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ മാർഗരേഖയിലുള്ളത്. മെഡിക്കൽ കമ്മീഷന്‍റെ തീരുമാനം അനാവശ്യം ആണെന്നാണ് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടെ പ്രതികരണം. സ്വതന്ത്രമായി നിലനിൽക്കേണ്ട വൈദ്യശാസ്ത്ര ശാഖകൾ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമാണ് എന്ന് ഐഎംഎ പ്രസിഡന്‍റ് പറഞ്ഞു.

ബിരുദത്തിന് വേണ്ടി തെരഞ്ഞെടുത്ത ശാഖയ്ക്ക് പുറമെയുള്ള ചികിത്സാ രീതികളും പഠിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ്. നേരത്തെ ആയുർവേദ വിദ്യാർത്ഥികൾക്ക് ശസ്ത്രക്രിയയിൽ പരിശീലനം നൽകാനുള്ള നീക്കവും ഐഎംഎ ഇത്തരത്തിൽ എതിർത്തിരുന്നു. പുതിയ തീരുമാനത്തിലുള്ള എതിർപ്പ് ഐഎംഎ മെഡിക്കൽ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!