'രസകരമായ സംഭവം, പാർട്ടി ലാഘവത്തോടെ കാണരുത്'; മോദി ​ഗെലോട്ടിനെ പ്രശംസിച്ചതിനെക്കുറിച്ച് സച്ചിൻ പൈലറ്റ്

By Web TeamFirst Published Nov 2, 2022, 4:32 PM IST
Highlights

പാർലമെന്റിൽ ​ഗുലാം നബി ആസാദിനെയും മോദി ഇതുപോലെ പ്രശംസിച്ചിരുന്നു, പിന്നീടെന്ത് ഉണ്ടായെന്ന് നമ്മൾ കണ്ടതാണെന്നും ​ഗുലാം നബി ആസാദ് കോൺ​ഗ്രസ് വിട്ടതിനെ സൂചിപ്പിച്ച് സച്ചിൻ പൈലറ്റ് പറഞ്ഞു.  

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രശംസിച്ചതിനെ രസകരമായ സംഭവം എന്ന് വിശേഷിപ്പിച്ച് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കോൺ​ഗ്രസ് ഇതിനെ ലാഘവത്തോടെ കാണരുതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞതായാണ് റിപ്പോർട്ട്. പാർലമെന്റിൽ ​ഗുലാം നബി ആസാദിനെയും മോദി ഇതുപോലെ പ്രശംസിച്ചിരുന്നു, പിന്നീടെന്ത് ഉണ്ടായെന്ന് നമ്മൾ കണ്ടതാണെന്നും ​ഗുലാം നബി ആസാദ് കോൺ​ഗ്രസ് വിട്ടതിനെ സൂചിപ്പിച്ച് സച്ചിൻ പൈലറ്റ് പറഞ്ഞു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗാർ ധാം സന്ദർശന വേളയിൽ അദ്ദേഹം അശോക് ​ഗെഹ്ലോട്ടിനെ പ്രശംസിച്ചതിന് നമ്മളെല്ലാം സാക്ഷികളായിരുന്നു. നേരത്തെ രാജ്യസഭയിൽ മുൻ രാജ്യസഭാ എം പി ഗുലാം നബി ആസാദിനെ  വിടവാങ്ങൽ ദിവസം പ്രധാനമന്ത്രി പ്രശംസിച്ചപ്പോഴും സമാനമായ കാര്യങ്ങൾ നാമെല്ലാവരും കണ്ടിട്ടുണ്ട്.. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം.  ഇന്നലെ നടന്നത് രസകരമായ ഒരു സംഭവവികാസമാണ്, അത് നിസ്സാരമായി കാണേണ്ടതില്ല. സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 
 
1913-ൽ രാജസ്ഥാനിലെ മംഗഡിൽ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവർഗക്കാരെ സ്മരിക്കുന്ന ചടങ്ങായ 'മംഗാർ ധാം കി ഗൗരവ് ഗാഥ' യിലാണ് പ്രധാനമന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഒന്നിച്ച് എത്തിയത്. അശോക് ഗെഹ്‌ലോട്ടിനൊപ്പം മധ്യപ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ഭൂപേന്ദ്ര പട്ടേൽ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി മോദി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിമാരിൽ ഏറ്റവും സീനിയറായിരുന്നു ഗെഹ്‌ലോട്ടെന്നും ഇപ്പോഴും വേദിയില്‍ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിയാണ് അദ്ദേഹമെന്ന് മോദി പറഞ്ഞു. താനും അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. 

മോദിക്ക് ലോകത്ത് ബഹുമാനം ലഭിക്കുന്നത് ജനാധിപത്യത്തിന്റെ വേരുകൾ ശക്തമായിരിക്കുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രിയായതുകൊണ്ടാണെന്നാണ് ചടങ്ങിൽ  ഗെലോട്ട് പറഞ്ഞത്. 'മോദി വിദേശത്തേക്ക് പോകുമ്പോൾ അദ്ദേഹത്തിന് വളരെയധികം ബഹുമാനമാണ് ലഭിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്, അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത് ഗാന്ധിയുടെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടാണ്. ഗെലോട്ട് പറഞ്ഞു.

Read Also: ദമ്പതികളെയും ജോലിക്കാരിയെയും അഞ്ചം​ഗസംഘം ക്രൂരമായി കൊലപ്പെടുത്തി, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു


 

 

click me!