Latest Videos

'പ്രാണവായു കിട്ടാതെ രാജ്യം പിടയുമ്പോള്‍ ആരോഗ്യ മന്ത്രി ഭ്രമാത്മക ലോകത്ത്'; ഹര്‍ഷ വര്‍ധനെതിരെ ശശി തരൂര്‍

By Web TeamFirst Published May 10, 2021, 2:35 PM IST
Highlights

'ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ ആരോഗ്യമന്ത്രി മാത്രം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അവസ്ഥയില്‍ സംസാരിക്കുന്നത് സങ്കടകരമാണ്'. 

ദില്ലി: കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ  പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.  പ്രാണവായു കിട്ടാതെ രാജ്യം പിടയുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്തു കഴിയുന്നത്  സങ്കടകരമാണെന്ന്  ശശി തരൂര്‍ പറഞ്ഞു.

ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ ആരോഗ്യമന്ത്രി മാത്രം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അവസ്ഥയില്‍ സംസാരിക്കുന്നത് സങ്കടകരമാണ്. എസ്എംഎസ് അയച്ചത് കൊവിഡ് പോരാട്ടത്തിന്റെ വിജയമായി കണക്കാനാവില്ല. - തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

കൊവിഡിനെതിരെ പതഞ്ജലിയുടെ കോറോനില്‍ ഗുളിക പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെടുന്ന വാര്‍ത്തയും തരൂര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിന്റെ 25-ാം യോഗത്തില്‍ സംസാരിക്കവെയാണ് ആരോഗ്യമന്ത്രി  ഹര്‍ഷ വര്‍ധന്‍ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന പ്രസ്താവന നടത്തിയത്. കൊവിന്‍ ആപ്പില്‍ വാക്‌സീന് വേണ്ടി മൂന്ന് മണിക്കൂറിനുള്ളില്‍ 80 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും 1.45 കോടി എസ്എംഎസുകള്‍ അയച്ചുവെന്നും ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.

കൊവിഡ് രണ്ടാം തരംഗം പിടിച്ച് നിര്‍ത്താന്‍ അവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊകൊള്ളുന്നില്ലെന്ന്  വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക് കൂടി രോഗബാധയുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. 3754 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ  15 ശതമാനം വര്‍ധനയാണ് മരണനിരക്കില്‍  രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക രേഖപ്പെടുത്തിയ സേണിയഗാന്ധി കേന്ദ്രം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!