
ദില്ലി: ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനർജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു.
ഗുസ്തി ഫെഡറേഷനിലെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ സഖ്യ നേതാക്കളുമുയർത്തുന്നത്. ലൈംഗികാതിക്രമ കേസിൽ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷൻ അധ്യക്ഷനാക്കിയത് അനീതിയെന്നാണ് വിമർശനം. ഗുസ്തി താരങ്ങളുടെ കണ്ണീരിന് രാജ്യം മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സ്വന്തം പ്രയത്നത്താൽ ഉയർന്നുവന്ന താരങ്ങളെയാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നതെന്നും സ്ത്രീ സുരക്ഷയ്ക്കായി ഇനിയും ശബ്‍ദമുയർത്തുമെന്നും കോണ്‍ഗ്രസ് നേതാവും ബോക്സറുമായ വിജേന്ദർ സിംഗ് പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് നാൽപ്പതു ദിവസം സമരം ചെയ്ത ഗുസ്തി താരങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. ബിജെപി എംപി ബ്രിജ് ഭൂഷണുമായി ബന്ധമുളള ആരും ഗുസ്തി ഫെഡറേഷനിലേക്കെത്തരുത് എന്നതായിരുന്നു പ്രധാന ആവശ്യം. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധ്യക്ഷനടക്കം ഭരണ സമിതിയിലെ സ്ഥാനങ്ങൾ പിടിച്ചടക്കുകയായിരുന്നു ബ്രിജ് ഭൂഷണിന്‍റെ വിശ്വസ്തർ. സാക്ഷി മാലിക്കിന്‍റെ വിരമിക്കൽ പ്രഖ്യാപനം കനത്ത തിരിച്ചടിയാകുമ്പോഴും ബ്രിജ് ഭൂഷണിന്‍റെ നീക്കങ്ങൾ തള്ളിപ്പറയാൻ കായിക മന്ത്രി പോലും തയ്യാറായിട്ടില്ല.
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും ഗുസ്തി ഫെഡറേഷനില്‍ പേരിനുപോലും സ്ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. രാജ്യത്തിനായി ഇനി ഗുസ്തിയില്‍ മത്സരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ച് മടങ്ങിയത്.
രാജ്യത്തിനും മലയാളത്തിനും കടുത്ത നിരാശ! ജൂഡ് ആന്‍റണിയുടെ '2018' ഓസ്കറിൽ നിന്ന് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam