
ബെംഗളൂരു: ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 24കാരി സഹാനയുടെ കുടംബത്തിനുള്ള ധനസഹായം കൈമാറി. ജൂൺ 4 ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ടീമിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിൽ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ച 11 പേരിൽ ഒരാളാണ് സഹാന. ബന്ധുക്കളെ കോലാർ ഡെപ്യൂട്ടി കമ്മീഷണർ എം ആർ രവി സന്ദർശിച്ചു.
ഡെപ്യൂട്ടി കമ്മീഷണർ 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. കരയാതിരിക്കാൻ പാടുപെട്ട അച്ഛനും വിതുമ്പിപ്പോയി. മറ്റ് കുടുംബാംഗങ്ങൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 10 ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് നൽകുമെന്നാണ് ആദ്യം കർണാടക സർക്കാർ പറഞ്ഞത്. പിന്നീടത് 25 ലക്ഷമായി ഉയർത്തി.
അപകടത്തിൽ മരിച്ചവരെല്ലാം 20-30 വയസ്സിനിടയിലുള്ളവരായിരുന്നു, 14 വയസ്സുള്ള ദിവ്യാൻഷി (14), ദോരേഷ (32), ഭൂമിക് (20), സഹന (24), അക്ഷത (27), മനോജ് (33), ശ്രാവൺ (20), ദേവി (29), ശിവലിംഗ (17), ചിന്മയി (19), പ്രജ്വാൾ (20) എന്നിവരാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നിസ്സംഗത കാണിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ഉച്ചയോടെ ആദ്യ മരണത്തെക്കുറിച്ച് പൊലീസ് അവരെ അറിയിച്ചിരുന്നു. പരിപാടി ആരംഭിച്ചപ്പോൾ തന്നെ എട്ട് കുട്ടികൾ മരിച്ചു. പക്ഷേ പരിപാടി തുടർന്നു. ഈ നേതാക്കൾക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കല്ലാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക കുറ്റപ്പെടുത്തി.