പച്ചക്കറി കൃഷിക്കായി കുറ്റിക്കാട് വൃത്തിയാക്കിയ കർഷകന് കിട്ടിയത് 2000 വർഷം പഴക്കമുള്ള ചിതാഭസ്‌മകുംഭങ്ങൾ

By Web TeamFirst Published Oct 15, 2019, 2:16 PM IST
Highlights
  • രണ്ട് കുടങ്ങൾ കിട്ടിയതിൽ രണ്ടിലും സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്
  • ഈ പ്രദേശം പഴയ കാലത്ത് ഒരു ശ്മശാനമായിരിക്കാം എന്ന നിഗമനത്തിലാണ് സേലം ഹിസ്റ്റോറിക്കൽ റിസർച് സെന്റർ പ്രസിഡന്റ് പൊൻ വെങ്കടേശൻ

ചെന്നൈ: സേലത്തെ ഗംഗാവള്ളിക്കടുത്ത് പച്ചമല താഴ്‌വരയിൽ കൃഷിക്കായി കുറ്റിക്കാട് വൃത്തിയാക്കുകയായിരുന്ന കർഷകന് 2000 വർഷം പഴക്കമുള്ള ചിതാഭസ്‌മകുടങ്ങൾ കിട്ടി. രണ്ട് കുടങ്ങൾ കിട്ടിയതിൽ രണ്ടിലും സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ചരിത്രാതീത കാലത്തെ മനുഷ്യവാസത്തെ കുറിച്ചുള്ള സൂചനകളാവും ഇതെന്നാണ് നിഗമനം.

രണ്ട് കുടങ്ങളും പൊട്ടിയ നിലയിലായിരുന്നു. മേൽഭാഗം ചുവപ്പും കീഴ്‌ഭാഗം കറുപ്പും നിറത്തിലുള്ളതായിരുന്നു. പച്ചക്കറി കൃഷിക്കായി നിലമൊരുക്കുന്നതിനിടയിലാണ് ഇവിടെയുള്ള കർഷകരിലൊരാൾക്ക് കുടങ്ങൾ കിട്ടിയത്. മുൻപും ഇത്തരത്തിൽ കുടങ്ങൾ കർഷകർക്ക് കിട്ടിയിരുന്നു. എന്നാൽ ഇതിന്റെ പ്രാധാന്യമറിയാതിരുന്ന കർഷകർ അത് സൂക്ഷിക്കാനും നിന്നില്ല. 

എന്നാൽ ഇത്തവണ ഇക്കാര്യം അധികൃതരെ അറിയിക്കാനാണ് കർഷകർ തീരുമാനിച്ചത്. സേലം ഹിസ്റ്റോറിക്കൽ റിസർച് സെന്റർ പ്രസിഡന്റ് പൊൻ വെങ്കടേശൻ സ്ഥലത്തെത്തി കുടങ്ങൾ ഏറ്റുവാങ്ങി. ഈ പ്രദേശം പഴയ കാലത്ത് ഒരു ശ്മശാനമായിരിക്കാം എന്ന നിഗമനത്തിലാണ് ഇദ്ദേഹം. കുംഭങ്ങൾക്ക് കുറഞ്ഞത് രണ്ടായിരം വർഷം പഴക്കമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ചിതാഭസ്‌മ കുംഭങ്ങൾ കിട്ടുന്നത്. മുൻപ് അടിച്ചനല്ലൂർ, സനൂർ, മൊട്ടൂർ, സിതനവാസൽ, കൊടുമണൽ, അണ്ടിപ്പട്ടി, പെരുമ്പൈയാർ, അമിർതമംഗലം കോർകൈ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇത്തരം കുംഭങ്ങൾ കിട്ടിയിരുന്നു. അടിച്ചനല്ലൂരിൽ നിന്ന് ഇരുമ്പ്, സ്വർണ്ണം, പാത്രങ്ങൾ, ചിത്രങ്ങൾ, അസ്ഥികൂടങ്ങൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇക്കാര്യം സംസ്ഥാന പുരാവസ്തു വകുപ്പിനെ അറിയിക്കുമെന്ന് പൊൻ വെങ്കടേശൻ വ്യക്തമാക്കി.

click me!