അയോധ്യയില്‍ പഠനം നടത്തിയ ഗവേഷകസംഘത്തില്‍ കെകെ മുഹമ്മദ് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം

By Web TeamFirst Published Oct 15, 2019, 1:39 PM IST
Highlights

കെ.കെ മുഹമ്മദിന് അയോധ്യയുമായി ബന്ധമില്ലെന്ന് ചരിത്രകാരന്‍ ഇർഫാൻ ഹബീബ് ആരോപിച്ചിരുന്നു. 

ദില്ലി:അയോധ്യയിലെ തർക്കഭൂമിയിൽ ഉത്ഖനനം നടത്തിയ സംഘത്തെചൊല്ലി വിവാദം. മലയാളിയായ കെ.കെ മുഹമ്മദ് സംഘത്തിൽ ഇല്ലായിരുന്നെന്ന വാദം പുരാവസ്തു ഗവേഷണ വകുപ്പ് മുൻ തലവൻ ബി.ബി. ലാൽ തള്ളി.  മുഹമ്മദിന് അയോധ്യയുമായി ബന്ധമില്ലെന്ന് ഇർഫാൻ ഹബീബ് ഉൾപ്പടെയുള്ളവർ ആരോപിച്ചിരുന്നു.

അയോധ്യയിലെ തർക്കഭൂമിയിൽ ബാബ്റി മസ്ദിനു മുന്‍പായി ഒരു ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതായി മലയാളിയായ പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സുപ്രീംകോടതിയിൽ നി‍ർണ്ണായകവാദം നടക്കവേയുള്ള കെകെ മുഹമ്മദിന്‍റെ ഈ പരാമർശത്തിനെതിരെ ചില പ്രമുഖ ചരിത്രകാരൻമാർ രംഗത്തു വന്നു. 

കെ.കെ മുഹമ്മദിന് അയോധ്യയുമായി ബന്ധമില്ലെന്ന് ചരിത്രകാരന്‍ ഇർഫാൻ ഹബീബ് ആരോപിച്ചു. ഉത്ഖനനം നടത്തിയ സംഘത്തിൽ കെ.കെ മുഹമ്മദ് ഉണ്ടായിരുന്നതായി രേഖകൾ ഇല്ലെന്ന് അലിഗഢ് മുസ്ലിം സർവ്വകലാശാല ചരിത്രവിഭാഗം മേധാവ് സയ്യിദ് അലി റിസ്വിയും ആരോപിച്ചു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നും സംഘത്തില്‍ കെകെ മുഹമ്മദുമുണ്ടായിരുന്നുവെന്നും ഉത്ഖനനത്തിന് നേതൃത്വം നല്കിയ പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ ജനറൽ ബി.ബി. ലാൽ ഒരു ഇംഗ്ളീഷ് പത്രത്തിനയച്ച ഇമെയിലിൽ വ്യക്തമാക്കി. 

ട്രെയിനി എന്ന നിലയ്ക്കാണ് കെ.കെ മുഹമ്മദ് ഉത്ഖനനത്തിൽ പങ്കെടുത്തതെന്ന് സംഘാംഗമായ രമാകാന്ത് ചതുർവേദിയും വ്യക്തമാക്കി.കെ,കെ മുഹമ്മദ് സംഘത്തിലുണ്ടായിരുന്നു എന്ന് എഎസ്ഐ മുൻ ചീഫ് ഫോട്ടോഗ്രാഫർ രാജ് നാഥ് കാവും പറയുന്നു. ട്രെയിനി എന്ന നിലയ്ക്ക് പങ്കെടുത്തത് കൊണ്ടാണ് രേഖകളിൽ പേര് വരാത്തതെന്നാണ് വിശദീകരണം. അയോധ്യകേസിൽ ഉത്ഖനനം നടത്തിയ സംഘത്തിൻറെ റിപ്പോർട്ട് ഹിന്ദു കക്ഷികൾ പ്രധാന തെളിവായി ഉന്നയിക്കുമ്പോഴാണ് സംഘത്തെ ചൊല്ലിയുള്ള വിവാദം രൂപപ്പെട്ടത്.

 പ്രമുഖ ചരിത്രകാരൻമാർ തന്നെ കള്ളം പറയുന്നതിൽ വിഷമം ഉണ്ടെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ കെകെ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയോധ്യ കേസ് അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലും ഗവേഷകസംഘത്തലവായിരുന്ന ബിബി ലാല്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതിനാലും ഇനി വിവാദങ്ങള്‍ക്കില്ലെന്ന് കെ.കെ മുഹമ്മദ് വ്യക്തമാക്കി. 

click me!