യുപിയിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുന്നത് ചോറും മ‍ഞ്ഞള്‍ വെള്ളവും

By Web TeamFirst Published Oct 15, 2019, 12:24 PM IST
Highlights

''സിതാപൂരില്‍ ഉച്ചഭക്ഷണത്തിനൊപ്പം മഞ്ഞള്‍ വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ യുപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത് കാത്തിരിക്കുന്നു'' 

ലക്നൗ: ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ഉച്ചക്ക‍ഞ്ഞിയെക്കുറിച്ച് പലവിധ പരാതികളും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കുട്ടികള്‍ കഴിക്കുന്നത് ചോറും മഞ്ഞള്‍ വെള്ളവും മാത്രമാണ്. 

കോമണ്‍ മാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''സിതാപൂരില്‍ ഉച്ചഭക്ഷണത്തിനൊപ്പം മഞ്ഞള്‍ വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. യുപി സര്‍ക്കാര്‍ വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നത് കാത്തിരിക്കുന്നു'' - എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. 

Turmeric water being served to School Children in MidDay meal in Sitapur , U.P surfaced.

Waiting for U.P govt to arrest the Journalist who captured the video and made it Viral. https://t.co/BO6yCqtf0j pic.twitter.com/UPKwe4JSS4

— Common Man (@ABCNLimited1234)

ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം  അന്ന് സിതാപൂരിലെ ബിച്ച്പാരിയ ഗ്രാമത്തിലെ ഈ സ്കൂളിലെ ഉച്ചഭക്ഷണം ചോറും പച്ചക്കറിയുമാണ്. വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്കൂളിലെത്തിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കിയത് സോയാബീന്‍ ആണെന്നാണ് അധികൃതരുടെ അവകാശവാദം. 

സോയാബീന്‍ കഴിച്ചതിനുശേഷം ബാക്കിയുള്ള കറി നല്‍കിയപ്പോഴാണ് ഈ വീഡിയോ പകര്‍ത്തിയതെന്നും അവര്‍ പറഞ്ഞു. കുട്ടികളുമായും രക്ഷിതാക്കളുമായും സംസാരിച്ചുവെന്നും സോയാബീനും പച്ചക്കറികളും ചോറുമാണ് നല്‍കിയതെന്ന് വ്യക്തമാക്കിയതായും സ്കൂളില്‍ പരിശോധനക്കെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഹസ്ഥന്‍ അജയ് കുമാര്‍ പറഞ്ഞു. 

മിര്‍സാപൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന പ്രാദേശിക ലേഖകന്‍ പവന്‍ കുമാര്‍ ജയ്സ്വാലിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു. 

click me!