തൻ്റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണയ്ക്കുന്നത്, ഹിന്ദുത്വത്തെ എതിർക്കുന്നത്: സൽമാൻ ഖുർഷിദ്

By Asianet MalayalamFirst Published Nov 16, 2021, 9:41 AM IST
Highlights

 ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസ് നിലപാട്, വിരുദ്ധ നിലപാടുള്ള കോൺഗ്രസ് നേതാക്കൾ ആർക്കൊപ്പമെന്ന് കൂടി വ്യക്തമാക്കണം.

ദില്ലി: അയോധ്യ പുസ്തക വിവാദത്തിൽ മറുപടിയുമായി കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്  (Salman Khurshid) . ഹിന്ദുമതത്തെ പിന്തുണയ്ക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തന്റെ പുസ്തകമെന്ന് സൽമാൻ ഖുർഷിദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദത്തിന്റെ പേരിലുള്ള ഭീഷണിയെയും ആക്രമണത്തെയും താൻ മുഖവിലക്ക് എടുക്കുന്നില്ല. പുസ്തകത്തെ സംബന്ധിച്ച് രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസ് നിലപാട്.  വിരുദ്ധ നിലപാടുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയെ പിന്തുണയ്ക്കുകയാണോയെന്ന് വ്യക്തമാക്കണമെന്നും
സൽമാൻ ഖുർഷിദ് പറഞ്ഞു

ഹിന്ദുമതത്തെ പിന്തുണയ്ക്കുന്നതും  ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തൻ്റെ പുസ്തകം. പുസ്തകത്തെ എതിർക്കുന്ന ബിജെപി രാമക്ഷത്ര വിധിയെയാണ് തള്ളി പറയുന്നതെന്ന് പറഞ്ഞ സൽമാൻ ഖു‍ർഷിദ് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വിമർശനത്തേയും ചോദ്യം ചെയ്തു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസ് നിലപാട്, വിരുദ്ധ നിലപാടുള്ള കോൺഗ്രസ് നേതാക്കൾ ആർക്കൊപ്പമെന്ന് കൂടി വ്യക്തമാക്കണം. ബിജെപിയെ ആണോ കോൺഗ്രസിനെ ആണോ പിന്തുണയ്ക്കുന്നതെന്ന് അവ‍ർ വിശദീകരിക്കണം. തനിക്ക് നേരെ നടക്കുന്ന ഭീഷണികളേയും ആക്രമണത്തെയും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും  സൽമാൻ ഖുർഷിദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സൽമാൻ ഖുർഷിദിൻ്റെ വാക്കുകൾ - 

ഹിന്ദു മതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാം, എൻ്റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുകയാണ്. ഇതൊരു വിവാദമല്ല സത്യമാണ്. സത്യത്തെ വിവാദമാക്കുന്നവരോട് വേണം അത് വിശദീകരിക്കാൻ പറയാൻ. ഈ പുസ്തകമില്ലെങ്കിൽ  മറ്റൊരു  വിവാദം ബിജെപി ഉണ്ടാക്കും ബി ജെ പി പറയുന്നത് ഏറ്റു പറയാനല്ല കോൺഗ്രസ്. അങ്ങനെയായൽ ബിജെപിയുടെ ബീ ടീമാകും കോൺഗ്രസ്,ബിജെപിയെ എതിർത്തേ കോൺഗ്രസിന് മുന്നേറാനാകൂ. ഒരു വരി എടുത്താണ് അവർ വിവാദം നിർമ്മിക്കുന്നത്, എൻ്റെ പുസ്തകം തെറ്റാണെന്ന് ബിജെപി പറയുന്നു. അങ്ങനെയെങ്കിൽ അവർ തള്ളിപ്പറയുന്നത് സുപ്രീ കോടതി വിധിയെയാണ്, രാമനെയാണ്,ഹിന്ദുമതത്തെയാണ്. 

സൽമാൻ ഖുർഷിദിൻ്റെ പുതിയ പുസ്തകമായ 'Sunrise Over Ayodhya' (Sunrise Over Ayodhya) ആണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം. പുസ്തകത്തിനെതിരെ ദില്ലി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചതോടെയാണ് വിവാദങ്ങൾ ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. പുസ്തകത്തിൽ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ദില്ലിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പൊലീസിന് പരാതി നൽകിയിട്ടുള്ളത്. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച നടന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിൻറെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ജെസിക്ക ലാൽ കൊലപാതകവുമായി താരതമ്യപ്പെടുത്തിയായിരുന്നു അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ ചിദംബരം പരാമർശിച്ചത്. ആരും ബാബറി മസ്ജിദ് തകർത്തില്ലെന്നായിരുന്നു മുൻ കേന്ദ്ര ധനമന്ത്രി കൂടിയായിരുന്ന ചിദംബരം പറഞ്ഞത്. 

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 75 വർഷം പിന്നിട്ട ഷേഷം ആരും ബാബറി മസ്ജിദ് തകർത്തില്ലെന്ന് പറയാൻ നാണക്കേടുണ്ടെന്നും ചിദംബരം പറഞ്ഞിരുന്നു. കേസിലെ ഇരുവിഭാഗവും വിധി അംഗീകരിച്ചു അതോടെ വിധി മികച്ചൊരു തീരുമാനമായി കണക്കാക്കപ്പെടുകയായിരുന്നു. എന്നാൽ ഇരുവിഭാഗവും അംഗീകരിച്ചതുകൊണ്ട് മാത്രം അതൊരു മികച്ച വിധിയായി കണക്കാക്കാൻ സാധിക്കില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തിരുന്നു. ചിദംബരത്തിൻറെ പരാമർശത്തിനെതിരെയും രൂക്ഷ വിമർശനമാണ് ബിജെപി ഉയ‍ർത്തിയത്.

click me!