
ദില്ലി: അയോധ്യ പുസ്തക വിവാദത്തിൽ വിശദീകരണവുമായി സൽമാൻ ഖുർഷിദ്. തൻ്റെ പുസ്തകം ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ളതാണെന്ന് സൽമാൻ ഖുർഷിദ്. സുപ്രീം കോടതി വിധി നല്ലതല്ലെന്ന് ആളുകൾക്ക് മനസിലാക്കി നൽകുന്നതാണ് പുസ്തകമെന്നും രാഷ്ട്രീയവൽക്കരിക്കുന്നവർ അത് ചെയ്തുകൊണ്ടേ ഇരിക്കുമെന്നാണ് പ്രതികരണം. പുസ്തകം എഴുതുന്നവർ എഴുതിക്കൊണ്ടുമിരിക്കും.
നേരത്തെ അയോധ്യ പുസ്തകവിവാദത്തിൽ സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഹിന്ദുത്വത്തെ ഐഎസ് ഭീകരതയോട് ഉപമിച്ച ഖുർഷിദിന്റെ പുസ്തകത്തിനെതിരെ ഗുലാം നബി ആസാദ് അടക്കം രംഗത്തെത്തിയിരുന്നു. രാമനെ അനഹേളിക്കുന്നത് കോൺഗ്രസിന്റെ ശീലമെന്നായിരുന്നു ബിജെപി പ്രതികരണം.
ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ അയോധ്യവുമായി ബന്ധപ്പെട്ട പുസ്തക വിവാദം കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കുന്നത്. അയോധ്യയെക്കുറിച്ചുള്ള 'സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്'(Sunrise Over Ayodhya: Nationhood in Our Times)എന്ന തന്റെ പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വം, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദുയിസത്തെയും അപ്രസക്തമാക്കിയെന്നാണ് പുസ്തകത്തിലെ പരാമർശം.
സംഭവം ബിജെപി കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി. സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പരാമര്‍ശത്തെ സോണിയാ ഗാന്ധി വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഖുര്‍ഷിദിന്റെ നിലപാടില്‍ വസ്തുതാപരമായ തെറ്റുണ്ടെന്ന് ഉപമ അതിശയോക്തി നിറഞ്ഞതെന്നും ഗുലാം നബി ആസാദും വിമര്‍ശിച്ചു.പിന്നാലെയാണ് ഖുര്‍ഷിദിനെ പിന്തുണച്ചും ഗുലാം നബി ആസാദിനെ തള്ളിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയത്.
ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണ്, ഹിന്ദുമതം ആരെയും കൊല്ലാനോ തല്ലാനോ പറയുന്നില്ല. ഇതായിരുന്നും രാഹുലിൻ്റെ പ്രതികരണം. അതേ സമയം അയോധ്യ കേസ് കോൺഗ്രസ് രാഷ്ട്രീയവൽക്കരിച്ചെന്നും കാവി ഭീകരതയെന്ന വാക്ക് കോൺഗ്രസ് പ്രചരിപ്പിച്ചെന്നും ബിജെപി ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam