Mulayam Singh Yadav : വിട വാങ്ങുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ ​ഗതി നിർണ്ണയിച്ച ചാണക്യൻ!

Published : Oct 10, 2022, 10:06 AM ISTUpdated : Oct 10, 2022, 12:48 PM IST
Mulayam Singh Yadav : വിട വാങ്ങുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ ​ഗതി നിർണ്ണയിച്ച ചാണക്യൻ!

Synopsis

മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ദേവ ഗൗഡ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയും. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര സംഭവബഹുലമായിരുന്നു. 

ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് അന്തരിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82 വയസായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം.

ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ പോലും ഒരു കാലത്ത്  നിയന്ത്രിച്ചിരുന്ന ചാണക്യനായിരുന്നു മുലായം സിങ് യാദവ്. ജാതി രാഷ്ട്രീയത്തിന്‍റെ സ്വാധീനത്തില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ തേരോട്ടം നടത്താനും മുലായം സിംഗിന്‍റെ പൊളിറ്റിക്കല്‍ എഞ്ചിനിയറിംഗിന് കഴിഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ബിജെപി പോലും മാതൃകയാക്കിയ  ജനസംഖ്യാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണത്തിന്‍റെ ചാലക ശക്തികളിലൊരാള്‍ കൂടിയായിരുന്നു മുലായം സിങ്.

തൊണ്ണൂറുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ രാഷ്ട്രീയ ചക്രം തിരിച്ച നേതാവ്. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ മുഖം.വടക്കേന്ത്യയിലെ പിന്നാക്ക വിഭാഗം അവരുടെ  രാഷ്ട്രീയ ശക്തി തിരിച്ചറി‍ഞ്ഞതിന് ലാലു പ്രസാദ് യാദവിനൊപ്പം മുലായം സിംഗിനോടും കടപ്പെട്ടിരിക്കുന്നു. മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ദേവ ഗൗഡ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയും. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിങ് യാദവിന്‍റെ യാത്ര സംഭവബഹുലമായിരുന്നു. 

ഗുസ്തിക്കാരനാക്കാണമെന്ന ആഗ്രഹത്തോടെ  അച്ഛന്‍ പരിശീലനത്തിന് അയച്ചെങ്കില്‍ അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങാനായിരുന്നു  നിയോഗം. രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ. 1967ല്‍ 28ാമത്തെ വയസില്‍ സോഷ്യലിസ്ററ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന്  ജയിലിലടച്ചു.  

ലോഹ്യയുടെ മരണത്തിന് ശേഷം  മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ എന്ന വിശാല പ്ലാറ്റ് ഫോമിലേക്ക് മുലായം മാറി. പാര്‍ട്ടിയിലെ പടലപിണക്കത്തില്‍ നാല് വര്‍ഷത്തിന് ശേഷം ചരണ്‍ സിംഗിന്‍റെ  ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറി അധ്യക്ഷനായി. 89ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി. 90കളുടെ അവസാനം ചന്ദ്രശേഖറിന്‍റെ ജനതാദളിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പിന്തുണയോടെ മുലായം ഭരണം തുടര്‍ന്നു. കേന്ദ്രത്തിലെ സമവാക്യങ്ങള്‍ മാറിയതോടെ  തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസ് പാലം വലിച്ചു. മുലായത്തിന് അധികാരം നഷ്ടമായി. ഇതിനിടെ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. ദളിത് ഏകീകരണത്തിലൂടെയേ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനാകൂയെന്ന് മനസിലാക്കിയ മുലായം സിങ് മായാവതിക്ക് കൈകൊടുത്തു  ഭരണം തിരിച്ചു പിടിച്ചു. 

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ശക്തിയുക്തം എതിര്‍ത്ത മുലായം സംഘപരിവാര്‍ രാഷ്ട്രീയത്തിന് അയോധ്യയെ അജണ്ടയാക്കാനാവില്ലെന്ന്  തുറന്നടിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം പിന്നാക്ക ന്യൂനപക്ഷ വോട്ട് ബാങ്ക് പടുത്തുയര്‍ത്തി കടിഞ്ഞാണ്‍  കൈയിലെടുത്തു.തൊണ്ണൂറ്റിയാറായപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലും മുലായം നിറഞ്ഞു നിന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം ദേവഗൗഡ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി. 

സംഭാല്‍, കനൗജ്,അസംഗഡ് കൗജ് മണ്ഡലങ്ങള്‍ പലപ്പോഴായി മുലായത്തിന്‍റെ തട്ടകങ്ങളായി. മകന്‍ അഖിലേഷ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള പോര് മുലായത്തിന്‍റെ കണ്‍മുന്നില്‍ പാര്‍ട്ടിയുടെ പ്രഭാവം കെടുത്തി. ശിവപാല്‍യാദവിനൊപ്പം നിന്ന മുലായത്തിന് മകനെയും മകന് തിരിച്ചും തള്ളിപ്പറയേണ്ടി വന്നു. മാഫിയ മേധാവിത്വവും അഴിമതിയും  പാര്‍ട്ടിക്കെതിരെയും മുലായത്തിനെതിരെയും ആരോപണങ്ങളായി ഉയര്‍ന്നത് ഒടുവില്‍ തിരിച്ചടിയായി. അപ്പോഴും താന്‍ തുടക്കം കുറിച്ച രാഷ്ട്രീയം കാലഹരണപ്പെട്ടില്ലെന്ന് തെളിയിച്ചാണ് മുലായം സിങ് വിടവാങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എരിയുന്ന‌ സി​ഗരറ്റുമായി ഡ്രൈവിം​ഗ്, ആക്സിലേറ്റർ അമർത്തി ചവിട്ടി, വേ​ഗം 120 കി.മീ; വാഹനാപകടത്തിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം
ഫോൺ തട്ടിപ്പറിച്ചു, തടഞ്ഞപ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ട്രെയിനിനടിയിലേക്ക് വീണ് 30കാരനായ യുവാവിൻ്റെ ഇടതുകാൽ അറ്റുപോയി