ലോക്ക്ഡൗണ്‍ കാറ്റില്‍പ്പറത്തി ആള്‍ക്കൂട്ടത്തില്‍ റേഷന്‍ വിതരണം; എസ്പി നേതാവ് വിവാദത്തില്‍

By Web TeamFirst Published Apr 1, 2020, 10:15 PM IST
Highlights

കൊവിഡിനെ അകറ്റി നിര്‍ത്താന്‍ ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങളെ എല്ലാം കാറ്റില്‍പ്പറത്തിയാണ് എംഎല്‍എ മനോജ് പരാസ് റേഷന്‍ വിതരണം നടത്തിയത്.

ലക്‌നൗ: കൊവിഡ് 19 പടരുന്നതിനെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തെറ്റിച്ച് ഉത്തര്‍പ്രദേശില്‍ എസ്പി നേതാവിന്റെ റേഷന്‍ വിതരണം. കൊവിഡിനെ അകറ്റി നിര്‍ത്താന്‍ ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങളെ എല്ലാം കാറ്റില്‍പ്പറത്തിയാണ് എംഎല്‍എ മനോജ് പരാസ് റേഷന്‍ വിതരണം നടത്തിയത്.

യുപിയിലെ ബിജനോര്‍ ജില്ലയിലാണ് സംഭവം. മാര്‍ച്ച് 25നുള്ള വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു ഗേറ്റിന് മുന്നില്‍ തിങ്ങി കൂടിയ ആളുകള്‍ക്ക് ബാഗുകള്‍ എറിഞ്ഞ് നല്‍കുന്ന പരാസിന്റെ അനുയായികളെ വീഡിയോയില്‍ കാണാം. ഗോയല്‍ കോളജിലാണ് സംഭവംനടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Almost stampede like situation in UP's Bijnor district where Samajwadi Party MLA Manoj Paras was distributing ration bags to people in the area. Workers can be seen tossing the bags at crowd gathered at the gate. pic.twitter.com/1euBHDWzwB

— Piyush Rai (@Benarasiyaa)

അതേസമയം, തമിഴ്‌നാട്ടില്‍ 110 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയവരില്‍ 190 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കോയമ്പത്തൂരിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തേനിയില്‍ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനില്‍ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ 1103 പേര്‍ ഐസൊലേഷനിലാണ്. അതേസമയം, ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 70 പേരും നിസാമുദീനില്‍ നിന്നെത്തിയവര്‍ ആണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
 

click me!