'തമന്ന, സാമന്ത, രാകുൽ പ്രതീപ്', നടിമാരുടെ പേരിൽ വ്യാജ വോട്ട‍ർ ഐ‍ഡി കാർഡുകൾ, എല്ലാത്തിലും ഒരേ അഡ്രസ്; അന്വേഷണം

Published : Oct 17, 2025, 08:38 PM IST
Fake voters ID

Synopsis

ചില വ്യക്തികൾ നടിമാരുടെ വിലാസങ്ങൾ തിരുത്തിയും, ചിത്രങ്ങൾ മാറ്റിയും, അസാധുവായ വോട്ടർ ഐഡി കാർഡുകളിലെ നമ്പറുകൾ ഉപയോഗിച്ചും വ്യാജ ഐഡികൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.

ഹൈദരാബാദ്: തെന്നിന്ത്യൻ നടിമാരായ രാകുൽ പ്രീത് സിംഗ്, സാമന്ത റൂത്ത് പ്രഭു, തമന്ന ഭാട്ടിയ എന്നിവരുടെ പേരിൽ വ്യാജ വോട്ടർ ഐഡി കാർഡുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വോട്ടർമാരാണെന്ന് കാണിച്ചാണ് ഇവരുടെ പേരും ചിത്രവും വിലാസവുമുള്ള വോട്ടർ ഐഡി കാർഡുകൾ പ്രചരിക്കുന്നത്. വ്യാജമെന്ന് സ്ഥിരീകരിച്ച ഈ മൂന്ന് കാർഡുകളിലും '8-2-120/110/4" എന്ന ഒരേ വിലാസമാണ് നൽകിയിരിക്കുന്നത്.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ സഫ്ഗുഡ സർക്കിൾ-19 അസിസ്റ്റന്റ് മുനിസിപ്പൽ കമ്മീഷണറും 61-ജൂബിലി ഹിൽസ് അസംബ്ലി മണ്ഡലത്തിലെ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ സയ്യിദ് യഹിയ കമൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചു. ചില വ്യക്തികൾ നടിമാരുടെ വിലാസങ്ങൾ തിരുത്തിയും, ചിത്രങ്ങൾ മാറ്റിയും, അസാധുവായ വോട്ടർ ഐഡി കാർഡുകളിലെ നമ്പറുകൾ ഉപയോഗിച്ചും വ്യാജ ഐഡികൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വോട്ടർ ഐഡി കാർഡുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഈ മാസം ആദ്യം തെലങ്കാന കോൺഗ്രസ് നേതാവ് നവീൻ യാദവിനെതിരെ വ്യാജ വോട്ടർ ഐഡികൾ വിതരണം ചെയ്തതിന് കേസെടുത്തിരുന്നു. പ്രാദേശിക താമസക്കാർക്ക് വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങളോടുകൂടിയ പത്രവാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന തെറ്റായതോ തെറ്റിദ്ധാരണാജനകമായതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്