
ദില്ലി: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താനുള്ള വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി. സർവേ നടപടികൾക്കെതിരെ പള്ളിക്കമ്മറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രഞ്‍ജൻ അഗർവാളിന്റെ ബെഞ്ചിന്റെതാണ് നടപടി. സർവേ ആവശ്യപ്പെട്ടുള്ള ഹിന്ദു വിഭാഗക്കാരുടെ ഹർജികൾ തടയാനാകില്ലെന്നും ഉത്തരവിലുണ്ട്.
നേരത്തെ വിചാരണകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പള്ളിക്കമ്മറ്റിയോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് മസ്ജിദിൽ സർവേ നടത്താൻ കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. സർവേ നടത്താൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയും പോലീസുമായുണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ക്ഷേത്രം ഭാഗികമായി തകർത്താണ് പള്ളി നിർമ്മിച്ചതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. മുഗൾ ചക്രവർത്തി ബാബർ, ഹിന്ദു ക്ഷേത്രം തകർത്താണ് സംഭലിൽ മുസ്‌ലിം പള്ളി പണിതത് എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ 2024 നവംബർ 19, 24 തീയതികളിലാണ് മസ്‌ജിദിൽ സർവേ നടത്തിയത്. സർവേ നടപടികൾക്കു പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.