ആരുടെ മനസിലാണോ കള്ളത്തരമുള്ളത് അവര്‍ സഞ്ചാരി സാഥി ആപ്പ് ഉപയോഗിക്കില്ല; കേന്ദ്ര നടപടിയെ ന്യായീകരിച്ച് ബിജെപി

Published : Dec 02, 2025, 03:24 PM IST
Sanchar Saathi app sparks political storm

Synopsis

ഫോണുകളിൽ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയിൽ രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്ന് ബിജെപി. ആരുടെ മനസിലാണോ കള്ളത്തരമുള്ളത് അവർ സഞ്ചാർ സാഥി ആപ്പ് ഉപയോഗിക്കില്ലെന്നും ബിജെപി വക്താവ് സംബിത് പാത്ര

ദില്ലി: ഫോണുകളിൽ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പാത്ര വാര്‍ത്താസമ്മേളനം നടത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ചത്. സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും ഇതിൽ രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും ബിജെപി സംബിത് പാത്ര പറഞ്ഞു. സഞ്ചാര്‍ സാഥി ആപ്പിന് മേസേജുകള്‍ വായിക്കാനാകില്ല. ഫോണ്‍ കോളുകള്‍ കേള്‍ക്കാനാകുമാകില്ല. സഞ്ചാര്‍ സാഥി ആപ്പിന് വ്യക്തിപരമായ വിവരങ്ങള്‍ എടുക്കാനുമാകില്ല. സുരക്ഷ ഉറപ്പാക്കാനും വ്യാജന്മാരെ തടയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. നഷ്ടപ്പെട്ട ഫോണുകള്‍ ഉടമകള്‍ക്ക് തിരിച്ചു ലഭിക്കുന്നതിനും ആപ്പ് സഹായകമാകും. ആരുടെ മനസിലാണോ കള്ളത്തരമുള്ളത് അവർ സഞ്ചാർ സാഥി ആപ്പ് ഉപയോഗിക്കില്ലെന്നും സംബിത് പാത്ര പറഞ്ഞു. ചിലർ കോടികളുടെ അഴിമതി നടത്തിയ കേസിൽ ജാമ്യത്തിലാണ് നടക്കുന്നത്. അവരൊന്നും ഒരു കാരണവശാലും ആപ്പ് ഉപയോഗിക്കില്ലെന്നും പ്രതിപക്ഷ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംബിത് പാത്ര പറഞ്ഞു. സഞ്ചാ‍ർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നടപടിയെ പിന്തുണച്ച് നേരത്തെ ബിജെപി എംപി ശശാങ്ക് മണിയും പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി സൈബര്‍ സുരക്ഷ ശക്തമാക്കുമെന്നും സ്വകാര്യതയ്ക്ക് ഒരു ഭീഷണിയും ആപ്പ് ഉയര്‍ത്തുന്നില്ലെന്നും പുറത്തുനിന്നുള്ള ആപ്പുകളാണ് യഥാര്‍ത്ഥത്തിൽ ഭീഷണിയെന്നും സ്വദേശി ആപ്പുകള്‍ക്ക് മുൻഗണന നൽകണമെന്നും എംപി പ്രതികരിച്ചിരുന്നു.

 

നടപടിയെ കോടതിയിൽ എതിര്‍ക്കുമെന്ന് ഇന്‍റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷൻ

 

അതേസമയം, സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുമെന്ന് ഇന്‍റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷൻ വ്യക്താമാക്കി. വ്യക്തിപരമായി ഉപയോ​ഗിക്കുന്ന ആപ്പുകളിൽ സർക്കാർ സംവിധാനങ്ങളുടെ കടന്നുകയറ്റമാണ് നടപടി. ഇത് നിയമപരമല്ലെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആപ്പ് ഡിസേബിൾ ചെയ്യാനോ നിയന്ത്രിക്കാനോ ഉപഭോക്താവിന് പാടില്ലെന്ന് ഉത്തരവിൽ പറയുന്നത് ​ഗൗരവതരമാണെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. ഇത് സ്ഥിരമായ സംവിധാനമായി മൊബൈലിൽ ഉണ്ടാകുമോയെന്ന ആശങ്കയുണ്ടെന്നും സംഘടന പ്രതിനിധികള്‍ പറഞ്ഞു.

 

എന്താണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം?

 

പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും നിലവിൽ കടകളിൽ വില്പനയ്ക്കുള്ള ഫോണുകളിലും കേന്ദ്രസർക്കാറിന്‍റെ സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്. 90 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി റിപ്പോ‍‍ർട്ട് സമർപ്പിക്കാനാണ് മൊബൈൽ നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്സാപ്പ്, ടെല​ഗ്രാം ആപ്പുകൾ സിമ്മുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവിനോടൊപ്പമാണ് ഈ നിർദേശം മന്ത്രാലയം നൽകിയത്. എന്നാൽ, ഇത് പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

 

പ്രതിഷേധവുമായി പ്രതിപക്ഷം

 

പുതിയ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. പൗരന്മാരെ നിരീക്ഷണ വലയത്തിലാക്കാനുള്ള നടപടി മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. വിവാദമായതിന് പിന്നാലെ സൈബർ സുരക്ഷ ലക്ഷ്യമിട്ടാണ് നടപടിയെന്നും, ആവശ്യമില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുകയായിരുന്നു.പെ​ഗാസസ് പോലുള്ള സംവിധാനങ്ങൾ ഉപയോ​ഗിച്ച് ആളുകളെ നിരീക്ഷിക്കുന്നത് ചിലവേറിയതാണെന്ന് തിരിച്ചറിഞ്ഞാണ് നീക്കമെന്നും 120 കോടി ഫോണുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഇന്ത്യ ഒരു നിരീക്ഷണ രാജ്യമാകുമെന്നും വിമർശനമുണ്ട്.

 

കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം

 

വിവാദമായതിന് പിന്നാലെ ആപ്പ് ഉപയോഗിക്കണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമാണെന്നും ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പൗരന്മാരുടെ സൈബർ സുരക്ഷ മുൻ നിർത്തിയാണ് നടപടി. പ്രതിപക്ഷം പാർലമെന്‍റിൽ ബഹളമുണ്ടാക്കാൻ ഓരോന്ന് പറയുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും പറഞ്ഞു. നടപടിയെ ബിജെപി പിന്തുണച്ചു. അതേസമയം,നിർദേശം അംഗീകരിക്കില്ലെന്നാണ് ആപ്പിൾ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റു കമ്പനികളും അം​ഗീകരിക്കുമോയെന്ന് ഇനിയും വ്യക്തമല്ല. കമ്പനിയുടെ ഐഒഎസിന്‍റെ സുരക്ഷയെയും സ്വകാര്യതയെയും നടപടി ബാധിക്കുമെന്നാണ് ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ളവര്‍ അനൗദ്യോഗികമായി അറിയിക്കുന്നത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്