
ദില്ലി : ആറാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കായിക താരം സാനിയ മിർസും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് ഇപ്പോൾ നടക്കുന്നതെന്ന് സാനിയ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി അധ്വാനിച്ച താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിർസ ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ അഭിമാനമാണ് കായിക താരങ്ങൾ എന്നാണ് മമതാ ബാനർജി പ്രതികരിച്ചത്. കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മമത ബാനർജി പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് താരങ്ങൾ ആറ് ദിവസമായി സമരം നടത്തുന്നത്.
ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്രയും രംഗത്തെത്തി. നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്‍റേയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More : ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്; കൂടുതൽ പേർ സമരവേദിയിൽ, ബ്രിജ് ഭൂഷനെതിരെ നോട്ടീസ് പതിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam