സമരം ശക്തമാകുന്നതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി.

ദില്ലി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാകുന്നതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി. ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലെ താരങ്ങളും സമരത്തിന്റെ ഭാഗമാകുകയാണ്. ഇതിനിടെ ബ്രിജ് ഭൂഷനെതിരെ താരങ്ങൾ നോട്ടീസ് പതിച്ചു. ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളാണ് താരങ്ങൾ നോട്ടീസ് ആയി പതിച്ചത്. 

അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്രയും രംഗത്തെത്തി. നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്‍റേയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എന്നാൽ സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കെതിരെ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ ഇന്നലെ രംഗത്ത് വന്നിരുന്നു. തെരുവില്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പി ടി ഉഷ വിമര്‍ശിച്ചു. ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒളിമ്പിക് അസോസിയേഷന്‍ മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. 

ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധമാണെന്ന് ദില്ലി പൊലീസ് അറിയിച്ചെങ്കിലും ഭൂഷണെതിരെ ഇനിയും കേസെടുത്തിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കോടതി ദില്ലി പോലീസിനും സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.