
മുംബൈ: മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വസതിയിൽ മണിക്കൂറുകൾ നീണ്ട് നിന്ന റെയ്ഡിനൊടുവിലാണ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഉടൻ ഇഡി ഓഫീസിലേക്ക് കൊണ്ടുപോകും. റാവത്തിന്‍റെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചു. ഗൊരേഗാവിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്‍റെ ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് സേനാ പ്രവർത്തകർ വീടിന് മുന്നിലേക്ക് പാഞ്ഞെത്തി. ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാണ് ഇഡി കേസ്. കേസിൽ പ്രതിയായ പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.
സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്. അതേസമയം, തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളും എന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ തെളിവുമാണ് ഇഡി പരിശോധന നടത്തുന്നത്. തനിക്ക് അഴിമതിയിൽ പങ്കില്ലെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. റാവത്തിന്റെ വസതിക്ക് മുന്നിൽ സേന പ്രവർത്തകരുടെ പ്രതിഷേധവുമായെത്തി. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് മറാത്തിയില്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam