വിവാദമായി സഞ്ജയ് റാവത്തിന്റെ വീഡിയോ, 'നാടകം', അഴിമതിക്കാരനെന്ന് ട്വിറ്ററില്‍ പ്രതികരണങ്ങള്‍

Published : Aug 01, 2022, 12:49 PM ISTUpdated : Aug 01, 2022, 01:06 PM IST
വിവാദമായി സഞ്ജയ് റാവത്തിന്റെ വീഡിയോ, 'നാടകം', അഴിമതിക്കാരനെന്ന് ട്വിറ്ററില്‍ പ്രതികരണങ്ങള്‍

Synopsis

ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് റാവത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും പാദങ്ങളിൽ നമസ്കരിക്കുന്നതുമായ ദൃശ്യങ്ങളാണ് വിവാ​ദമായിരിക്കുന്നത്.

മുംബൈ: ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്ജയ് റാവത്ത് കസ്റ്റഡിയിലാകും മുമ്പ് അമ്മയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാല വിവാ​ദം. വലിയ തട്ടിപ്പു നടത്തിയയാളെ വെള്ളപൂശാൻ ഇത്തരം ദൃശ്യങ്ങൾ മറയാക്കുന്നുവെന്നാണ് പരക്കെ ഉയരുന്ന ആരോപണം. 670 ലേറെ കുടുംബങ്ങൾക്ക് വീട് പുനർനിർമ്മിച്ചുകൊടുക്കാനുള്ള പണത്തിലാണ് റാവത്ത് അഴിമതി നടത്തിയതെന്നും അത്തരമൊരാളുടെ നാടകം പ്രചരിപ്പിക്കരുതെന്നുമാണ് ട്വിറ്റർ ഹാന്റിലുകളിലൊന്നിൽ നിന്ന് ഉയർന്ന ആക്ഷേപം.

ചതിക്കപ്പെട്ടവരുടെ കണ്ണീര് പുറംലോകത്തെ അറിയിക്കുന്നതിന് പകരം ഈ നാടകമാണോ പുറത്തുവിടുന്നതെന്ന് മറ്റൊരാൾ ചോദിച്ചു. സഞ്ജയ് റാവത്ത് നടത്തിയ അഴിമതിൽ 677 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്, അവരിപ്പോൾ ജീവിക്കുന്നത് സ്വർണ്ണമടക്കം വിറ്റാണ്, മറ്റൊരാൾ വീഡിയോ അടക്കം ട്വീറ്റ് ചെയ്തു.

ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് റാവത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും പാദങ്ങളിൽ നമസ്കരിക്കുന്നതുമായ ദൃശ്യങ്ങളാണ് വിവാ​ദമായിരിക്കുന്നത്. പുറത്തിറങ്ങും മുമ്പ് ആരതിയുഴിഞ്ഞാണ് അവർ മകനെ യാത്രയാക്കിയത്. ചോദ്യം ചെയ്യലിനായി രണ്ടുതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.

അതേസമയം, എംപിയെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിക്രാന്ത് സബ്‌നെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഞായറാഴ്ച രാവിലെ സഞ്ജയ് റാവത്തിന് ഇഡി സമൻസ് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജയ് റാവത്ത് മൊഴി രേഖപ്പെടുത്താൻ ഇഡി ഓഫീസിലെത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കൽ മൂലമാണ് തന്നെ ലക്ഷ്യമിടുന്നതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. 

നിരപരാധിയാണെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബിജെപി ചോദിച്ചു. വാർത്താസമ്മേളനം നടത്താൻ അദ്ദേഹത്തിന് സമയമുണ്ടെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയമില്ലെന്നും ബിജെപി എംഎൽഎ രാം കദം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് എംപിയെ 10 മണിക്കൂർ ചോദ്യം ചെയ്തത്. 

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിൻറെ ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് സേനാ പ്രവർത്തകർ വീടിന് മുന്നിലേക്ക് പാഞ്ഞെത്തി. ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാണ് ഇഡി കേസ്. കേസിൽ പ്രതിയായ പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിൻറെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.

Read More : ഇഡി കസ്റ്റഡിയിലെടുക്കും മുമ്പ് അമ്മയെ കെട്ടിപ്പിടിച്ച്, കാൽതൊട്ട് വന്ദിച്ച് സഞ്ജയ് റാവത്ത് -വീഡിയോ

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു