ചോദ്യം ചെയ്യലിനായി രണ്ടുതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.

മുംബൈ: ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്ജയ് റാവത്ത് കസ്റ്റഡിയിലാകും മുമ്പ് അമ്മയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പാണ് റാവത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും പാദങ്ങളിൽ നമസ്കരിക്കുന്നതും. പുറത്തിറങ്ങും മുമ്പ് ആരതിയുഴിഞ്ഞാണ് അവർ മകനെ യാത്രയാക്കിയത്. ചോദ്യം ചെയ്യലിനായി രണ്ടുതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.

അതേസമയം, എംപിയെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിക്രാന്ത് സബ്‌നെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഞായറാഴ്ച രാവിലെ സഞ്ജയ് റാവത്തിന് ഇഡി സമൻസ് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജയ് റാവത്ത് മൊഴി രേഖപ്പെടുത്താൻ ഇഡി ഓഫീസിലെത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കൽ മൂലമാണ് തന്നെ ലക്ഷ്യമിടുന്നതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

Scroll to load tweet…

നിരപരാധിയാണെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബിജെപി ചോദിച്ചു. വാർത്താസമ്മേളനം നടത്താൻ അദ്ദേഹത്തിന് സമയമുണ്ടെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയമില്ലെന്നും ബിജെപി എംഎൽഎ രാം കദം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് എംപിയെ 10 മണിക്കൂർ ചോദ്യം ചെയ്തത്. 

ഉദ്ദവിന്‍റെ വലം കൈയില്‍ തന്നെ ഇഡ‍ിയുടെ പ്രഹരം; വീട്ടില്‍ പരിശോധന, മരിച്ചാലും കീഴടങ്ങില്ലെന്ന് സഞ്ജയ് റാവത്ത്

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്‍റെ ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് സേനാ പ്രവർത്തകർ വീടിന് മുന്നിലേക്ക് പാഞ്ഞെത്തി. ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാണ് ഇഡി കേസ്. കേസിൽ പ്രതിയായ പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.