
ജയ്പൂർ: ഇന്ത്യൻ കരസേനയുടെ സപ്ത ശക്തി എ ഡബ്ല്യു ഡബ്ല്യു എയും സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതും ചേർന്ന് സ്പെഷ്യൽ അത്‌ലറ്റുകൾക്കായുള്ള സംസ്ഥാന ഗെയിംസ് അത്‌ലറ്റിക്സ് സംഘടിപ്പിച്ചു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ഗെയിംസ് ഉദ്ഘാടനം ചെയ്തു. സപ്ത ശക്തി കമാൻഡ് ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ്, എ ഡബ്ല്യു ഡബ്ല്യു എ റീജിയണൽ പ്രസിഡന്റ് ബരീന്ദർ ജിത് കൗർ എന്നിവർ പരിപാടിയുടെ ഭാഗമായി.
20 ജില്ലകളിൽ നിന്നുള്ള പ്രത്യേക അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. ജയ്പൂർ ആർമി പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ പരമ്പരാഗത രാജസ്ഥാനി നൃത്തം അവതരിപ്പിച്ചു. രാജസ്ഥാനിലെ വിവിധ ജില്ലകളിൽ നിന്നുള്ള 247 ഭിന്നശേഷിക്കാരായ അത്‌ലറ്റുകൾ ഏഴ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി മത്സരിച്ചു. ജയ്പൂരിലെ സൈനിക ആശുപത്രിയിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി തയാറാക്കിയ റിസോഴ്സ് ബുക്ക് ദിയ കുമാരി അനാച്ഛാദനം ചെയ്തു. രാജസ്ഥാനിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അത്‌ലറ്റുകളുടെ ടീം ദില്ലിയിൽ നടക്കാനിരിക്കുന്ന ദേശീയ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് ഗെയിംസിലും പങ്കെടുക്കും.