രാജീവ് കുമാറിന് തിരിച്ചടി: അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചു

By Web TeamFirst Published Sep 13, 2019, 6:30 PM IST
Highlights

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് തിരിച്ചടി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചതോടെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐക്കുള്ള തടസ്സം നീങ്ങി.

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പുകേസിൽ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചു. ഇതോടെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐക്കുള്ള തടസ്സം നീങ്ങി. അന്വേഷണം തടസ്സപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം. 

കഴിഞ്ഞ മെയ് മാസത്തിലാണ് ശാരദ കേസിൽ രാജീവ് കുമാറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.  ഓഗസ്റ്റിൽ അത് ഒരുമാസത്തേക്ക് കൂടി നീട്ടി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീക്കിയതിന് പിന്നാലെ രാജീവ് കുമാറിന്‍റെ വസതിയിൽ നേരിട്ടെത്തിയ സിബിഐ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് കൈമാറി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തൻ കൂടിയായ രാജീവ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. 

ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

click me!