'ടുക്ഡേ ടുക്ഡേ ഗ്യാങ് ഉണ്ട്'; അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ശശി തരൂര്‍

By Web TeamFirst Published Jan 21, 2020, 8:01 PM IST
Highlights

സോഷ്യല്‍ മീഡിയയിലും ബിജെപിയുടെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ പ്രയോഗിച്ച് കണ്ട ടുക്ഡേ ടുക്ഡേ ഗ്യാങ് ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് ശശി തരൂരിന്‍റെ വിമര്‍ശനം

ദില്ലി: ബിജെപി നേതാക്കള്‍ അടക്കം നിരന്തരം ആരോപിക്കുന്ന ടുക്ഡേ ടുക്ഡേ ഗ്യാങ് നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും രാജ്യത്തെ വിഘടിപ്പിക്കുന്നതെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയിലും ബിജെപിയുടെ രാഷ്ട്രീയ പ്രസംഗങ്ങളില്‍  പ്രയോഗിച്ച് കണ്ട ടുക്ഡേ ടുക്ഡേ ഗ്യാങ് ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് ശശി തരൂരിന്‍റെ വിമര്‍ശനം.

''ടുക്ഡേ ടുക്ഡ‍േ ഗ്യാങ്ങിനെക്കുറിച്ച് കേന്ദ്രഅഭ്യന്തരമന്ത്രാലയത്തിന് അറിവില്ല'' എന്നാണ് വിവരാവകാശത്തിന് മറുപടി ലഭിച്ചിരുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാകേത് ഗോഖലെ 2019 ഡിസംബര്‍ 26ന് സമര്‍പ്പിച്ച  അപേക്ഷയ്ക്കാണ് ഒടുവില്‍ ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്.

The tukde-tukde gang does exist. They are running the Government and dividing the nation. pic.twitter.com/s4AaZKJLzH

— Shashi Tharoor (@ShashiTharoor)

പിന്നാലെ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയുടെ പകര്‍പ്പിനൊപ്പം 'ടുക്ഡേ ടുക്ഡേ ഗ്യാങ് ഔദ്യോഗികമായി നിലനില്‍ക്കുന്നില്ലെന്നും അത് അമിത് ഷായുടെ സങ്കല്‍പ്പത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും  സാകേത് ഗോകലെ ട്വീറ്റ് ചെയ്തു. ടുക്ഡേ ടുക്ഡേ ഗ്യാങ് എങ്ങനെയാണ് രൂപം കൊണ്ടത്? യുഎപിഎ നിയമ പ്രകാരം ഈ ഗ്യാങിനെ എന്തുകൊണ്ടാണ് നിരോധിക്കാത്തത്? ടുക്ഡേ ടുക്ഡേ ഗ്യാങ്ങിനെതിരെ ഏതെങ്കിലും സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ടോ ? എന്നും  അപേക്ഷ ചോദിക്കുന്നു.

 'ശിക്ഷിക്കാൻ സമയമായി'എന്ന് അമിത് ഷാ പറഞ്ഞ, 'ടുക്ഡേ ടുക്ഡേ' ഗ്യാങിലെ അംഗങ്ങൾ ആരൊക്കെയാണ് ? പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പല തവണ വിവിധ വേദികളില്‍ ഈ ഗാങ്ങിനേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ആപത്കരമായ ഇത്തരം ഗ്യാങ്ങിലെ അംഗങ്ങളുടെ വിവരം ആഭ്യന്തര മന്ത്രാലയത്തിന് കാണില്ലേയെന്നും ഗോഖലെ ചോദിച്ചിരുന്നു. 
2016ല്‍ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രയോഗിച്ചുവെന്ന വിവാദം ഉയര്‍ന്ന കാലം മുതലാണ് ടുക്ഡേ ടുക്ഡേ ഗ്യാങ് എന്ന പദപ്രയോഗം വ്യാപകമാവുന്നത്.  

ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ സൂചിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ അടക്കം ഉപയോഗിക്കുന്ന പദമാണ് ടുക്ഡേ ടുക്ഡേ ഗാങ്ങ്. കനയ്യ കുമാര്‍, ഷെഹ്ല റാഷിദ്, ഉമര്‍ ഖാലിദ് എന്നിവരെയെല്ലാം ആക്രമിക്കാന്‍ ഈ പദം വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമീപകാലത്തായി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന ആരെയും ഈ പദം ഉപയോഗിച്ച് വിളിക്കാറുണ്ട് ബിജെപി നേതാക്കള്‍.

click me!