നാടകീയം ചിന്നമ്മയുടെ വരവ്, റാലിക്കിടെ കാറുകൾക്ക് തീ പിടിച്ചു, കൊടി മാറ്റുന്നതിലും തർക്കം

By Web TeamFirst Published Feb 8, 2021, 1:05 PM IST
Highlights

റാലിക്കിടെ പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. ആർക്കും പരിക്കില്ല. കൃഷ്ണഗിരിക്ക് സമീപമുള്ള ടോൾഗേറ്റിലാണ് രണ്ട് കാറുകൾക്ക് തീ പിടിച്ചത്.

ചെന്നൈ/ ബംഗളുരു: നിയമസഭാതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തമിഴ്നാട്ടിലേക്ക് നാടകീയമായ രംഗപ്രവേശം നടത്തി ജയലളിതയുടെ തോഴി ശശികല. തീർത്തും നാടകീയമായ രംഗങ്ങളാണ് ശശികലയുടെ മടങ്ങിവരവിലെമ്പാടും കണ്ടത്. അണ്ണാഡിഎംകെയുടെ കൊടി ഉപയോഗിച്ച് യാത്ര തുടങ്ങിയ ശശികലയുടെ കാർ പാർട്ടി പ്രവർത്തകരും പൊലീസും ചേർന്ന് ആദ്യം തടഞ്ഞു. പാർട്ടി കൊടി ഉപയോഗിക്കാനാവില്ലെന്ന് പറഞ്ഞത് ശശികല അവഗണിച്ചു. കൊടി പൊലീസ് അഴിച്ചുമാറ്റിയതോടെ മറ്റൊരു വാഹനത്തിൽ ശശികല യാത്ര തുടർന്നു. ഇതിനിടെയാണ് കൃഷ്ണഗിരി ടോൾഗേറ്റിന് സമീപത്ത് വച്ച് ശശികലയുടെ സ്വീകരണറാലിക്ക് എത്തിയ രണ്ട് കാറുകൾക്ക് തീപിടിച്ചത്. 

റാലിക്കിടെ പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. ആർക്കും പരിക്കില്ല. 

അണ്ണാഡിഎംകെയിൽ നിന്ന് ശശികലയെ ജയിൽവാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ അമ്മ മക്കൾ മുന്നേറ്റകഴകം എന്ന പാർട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാർത്ഥിയായി ആർ കെ നഗറിൽ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആർ കെ നഗർ സീറ്റിൽ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോൽപ്പിച്ച് ദിനകരൻ എംഎൽഎയായി. 

ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളിൽ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്. അതിന് ശേഷം നടത്തിയ പരിശോധനയിൽ അവർക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, അവരെ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വർഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയാണ്.

ജയലളിതയുടെ സമാധിയിലെത്തി ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് ചിന്നമ്മ. എന്നാൽ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് ലംഘിച്ചും സമാധിയിലെത്തും എന്നാണ് ശശികലയുടെ നിലപാട്. ശശികലയുടെ മടങ്ങിവരവ് പാർട്ടിയുടെ ശക്തി തെളിയിക്കുന്ന വൻപ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് ടിടിവി ദിനകരൻ. 

ഇപ്പോഴും അണ്ണാഡിഎംകെയുടെ ജനറൽ സെക്രട്ടറി താനാണെന്നാണ് ശശികല  അവകാശപ്പെടുന്നത്. ശശികലയെ പുറത്താക്കിയതിനെത്തുടർന്ന് ജയലളിതയുടെ സമാധിയിൽ അടിച്ച് സത്യപ്രതിജ്ഞ ചെയ്താണ് അവർ ജയിലിലേക്ക് പോയത്. തന്നെ പുറത്താക്കിയത് പാർട്ടി ചട്ടം ലംഘിച്ചാണെന്ന് അവർ പറയുന്നു. അതിനാൽത്തന്നെ ഇനിയും അണ്ണാഡിഎംകെയുടെ കൊടിയോ ചിഹ്നമോ ഉപയോഗിക്കാതിരിക്കില്ലെന്നും ശശികല പറയുന്നു.

ജയാ ടിവിയിൽ ശശികലയുടെ മടക്കത്തിന്‍റെ തത്സമയദൃശ്യങ്ങളാണ് മുഴുവൻ സമയവും കാണിക്കുന്നത്. അകമ്പടിയായി എംജിആറിന്‍റെ ഗാനങ്ങളുമുണ്ട്. നമത് എംജിആർ എന്ന പഴയ അണ്ണാഡിഎംകെ മുഖപത്രവും ജയ ടിവിയും ഇപ്പോഴും ശശികല പക്ഷത്തിന്‍റെ കയ്യിൽത്തന്നെയാണ്. 

ഏറെ ആശങ്കയോടെയാണ് തമിഴ്നാട് സർക്കാരും, അണ്ണാഡിഎംകെയിലെ മുതിർന്ന നേതാക്കളും ശശികലയുടെ മടങ്ങിവരവ് കാത്തിരിക്കുന്നത്. ജയിലിലാകുന്നത് വരെ ശശികലയുടെ പാർട്ടിയിലെ അപ്രമാദിത്വം ചോദ്യം ചെയ്യാതിരുന്നവരാണ് അണ്ണാഡിഎംകെയിൽ ഭൂരിപക്ഷവും, ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉൾപ്പടെ. 

കനത്ത സുരക്ഷാവലയത്തിലാണ് കർണാടക, തമിഴ്നാട് അതിർത്തിപ്രദേശങ്ങൾ. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയം പൊലീസ് തീർത്തിട്ടുണ്ട്. 

click me!