
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍മോചിതയായ വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു. ദേവനഹള്ളിയിലെ റിസോർട്ടിൽ നിന്ന് അണ്ണാഡിഎംകെയുടെ കൊടി വച്ച കാറിലാണ് ശശികല യാത്ര തിരിച്ചത്. മുൻ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അതേ വാഹനമാണിത്. ശശികലയെ വരവേറ്റ് അണികൾ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബെംഗളൂരു മുതൽ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികള്‍ എന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും 65ലേറെ ഇടങ്ങളിൽ ചിന്നമ്മയെ വരവേൽക്കാൻ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്നാണ് അണികൾ പറയുന്നത്.
തമിഴ്നാട്ടിലേക്കെത്തുന്ന ശശികല ടി നഗറിലുള്ള എംജിആറിന്‍റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രവർത്തകരെ കാണും. ശശികലയ്ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. ജയസമാധിയിലേക്ക് റാലിക്ക് സർക്കാർ അനുമതി നിഷേധിച്ചിട്ടുണ്ട്.
അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ നേതാവ് താൻ തന്നെയാണ് എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ശശികലയുടെ ഇന്നത്തെ നീക്കങ്ങളെന്നാണ് സൂചന. ഇപിഎസ്-ഒപിഎസ് പക്ഷം ശശികലയെനേരത്തെ അണ്ണാഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജയലളിതയെ ചതിച്ചവർക്കൊപ്പം പോകാനില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്. അതുകൊണ്ടുതന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam