
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ തകർന്ന ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ. പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു എന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. പദ്ധതിക്കെതിരെ 2019 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. കോടതി നിർദ്ദേശിച്ച വിദഗ്ധ സമിതി അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു.
പ്രളയ മേഖലയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. അണക്കെട്ടിലെ രണ്ടാമത്തെ sണലിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. വൈദ്യുതി പദ്ധതിയുടെ തുരങ്കങ്ങളിലൊന്നിലാണ് 30 പേർ ഇപ്പോഴും കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. 170 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.
മണ്ണും ചെളിയും നീക്കാൻ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണിൽ എത്തിയ രക്ഷാപ്രവർത്തക വിദഗ്ധരെ വ്യോമ മാർഗം ചമോലിയിൽ എത്തിച്ചു. സംഭവിച്ചത് മഞ്ഞിടിച്ചിൽ തന്നെയാണോ എന്ന് പരിശോധിക്കാൻ വിദഗ്ധർ ഇന്ന് എത്തും. ഉത്തരാഖണ്ഡിൽ ഉണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചിൽ ആണോ എന്നതിലാണ് സംശയം. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഇന്ന് രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയിൽ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതൽ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങൾ വിദഗ്ധർ പരിശോധിക്കുന്നുണ്ട്.
നദിയിലെ വെള്ളം ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. ആറു ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ കാണാതായവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നതായാണ് ഒടുവിൽ ലഭിച്ച വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam