എഎപി മന്ത്രിയുടെ മസാജ് വീഡിയോ; എങ്ങനെ ചോർന്നു? ഇഡിക്ക് നോട്ടീസയച്ച് കോടതി

By Web TeamFirst Published Nov 19, 2022, 8:05 PM IST
Highlights

കോടതിയലക്ഷ്യ നടപടി ചൂണ്ടിക്കാട്ടി സത്യേന്ദർ ജെയിനിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ഇഡിയാണ് വീഡിയോ ദൃശ്യങ്ങൾ ചോർത്തിനൽകിയതെന്നാണ് ഇവർ ആരോപിക്കുന്നത്. വീഡിയോ ഏറ്റെടുത്തിട്ടും അത് എങ്ങനെയാണ്  ചോർന്നതെന്നാണ് അന്വേഷണ ഏജൻസിയോട് കോടതി ചോദിച്ചിരിക്കുന്നത്.

ദില്ലി: എഎപി നേതാവും മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ച് ദില്ലി റോസ് അവന്യു കോടതി. കോടതിയലക്ഷ്യ നടപടി ചൂണ്ടിക്കാട്ടി സത്യേന്ദർ ജെയിനിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ഇഡിയാണ് വീഡിയോ ദൃശ്യങ്ങൾ ചോർത്തിനൽകിയതെന്നാണ് ഇവർ ആരോപിക്കുന്നത്. വീഡിയോ ഏറ്റെടുത്തിട്ടും അത് എങ്ങനെയാണ്  ചോർന്നതെന്നാണ് അന്വേഷണ ഏജൻസിയോട് കോടതി ചോദിച്ചിരിക്കുന്നത്. പ്രത്യേക ജഡ്ജി വികാസ് ദുൽ ആണ് ഇഡിക്ക് നോട്ടീസ് അയച്ചത്. നവംബർ 21 ന് കേസ് പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് സത്യേന്ദർ ജെയിനിനെ സഹതടവുകാരൻ തിഹാർ ജയിലിൽ മസാജ് ചെയ്യുന്നതിന്റെ പഴയ വീഡിയോ ബിജെപി പുറത്തുവിട്ടത്. വീഡിയോ പഴയതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ അധികൃതർ നടപടിയെടുത്തിട്ടുണ്ടെന്നും തിഹാർ ജയിൽ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സത്യേന്ദർ ജെയിനിന് തിഹാർ ജയിലിനുള്ളിൽ ഹെഡ് മസാജ്, ഫൂട്ട് മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് ഇഡി  നേരത്തെ ആരോപിച്ചിരുന്നു. ദില്ലി മന്ത്രിയുടെ,  ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും സാമ്പത്തിക അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് 58 കാരനായ സത്യേന്ദർ ജെയിൻ മെയ് 30 ന് അറസ്റ്റിലായത്. 

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സത്യേന്ദർ ജയിനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. ബിജെപി നേതാക്കളായ പർവേഷ് സാഹിബ് സിങ്, മജീന്ദർ സിങ് സിർസ, തജീന്ദർ പാൽ സിങ് ബ​​ഗ എന്നിവരാണ് എഎപി നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സത്യേന്ദർ ജെയിൻ 2000ലെ ദില്ലി ജയിൽ നിയമത്തിന്റെ വിവിധ നിയമങ്ങളും വകുപ്പുകളും ലംഘിച്ചുവെന്ന് മാത്രമല്ല, തിഹാർ ജയിലിൽ വളരെ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. അരവിന്ദ് കെജ്‌രിവാൾ തന്റെ മന്ത്രിക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സത്യേന്ദർ ജെയിൻ അരവിന്ദ് കെജ്‌രിവാളിന്റെ കളക്ഷൻ ഏജന്റാണ്. അതിനാൽ ജയിലിൽ എല്ലാ വിവിഐപി സൗകര്യങ്ങളും നൽകാൻ ദില്ലി മുഖ്യമന്ത്രി നിർബന്ധിതനാണ്. സത്യേന്ദർ ജെയിനിന്റെ ഹവാല ഇടപാടുകളിൽ കെജ്‌രിവാളിനുള്ള പങ്കാളിത്തം മൂലമാണ് സത്യേന്ദർ ജെയിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തതിന് കാരണമെന്നും ബിജെപി ആരോപിച്ചു.

Read Also: തിഹാര്‍ ജയിലില്‍ സഹതടവുകാരന്‍റെ മസാജ്, സത്യേന്ദര്‍ ജെയിന് വിഐപി പരിഗണനയെന്ന് ബിജെപി; ദൃശ്യങ്ങള്‍ പുറത്ത്

 

 

click me!