
ദില്ലി: ഭീകരവാദമാണ് ജനാധിപത്യത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും ലോകസമാധാനത്തിന്റെയും മുഖ്യ ശത്രുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ ഫണ്ടിംഗ്, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയിലെ പുതിയ പ്രവണതകൾ ചർച്ചയായ തീവ്രവാദ വിരുദ്ധ ധനസഹായ കോൺക്ലേവിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.
"ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച്, വേണ്ട പണം വേണ്ട ഭീകരത എന്ന വിഷയത്തിൽ ദില്ലിയിൽ നടക്കുന്ന മൂന്നാമത് മന്ത്രിതല സമ്മേളനത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഭീകരവാദം ഇന്ന് അതിഭീകരമായ ഒരു രൂപത്തിലെത്തിയിരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ എല്ലാ മേഖലയിലും ദൃശ്യമാണ്. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, സാമ്പത്തിക പുരോഗതി, ലോകസമാധാനം എന്നിവയുടെ ഏറ്റവും വലിയ ശത്രുവാണ് ഭീകരവാദം, അതിനെ വിജയിക്കാൻ അനുവദിക്കാനാവില്ല,” അമിത് ഷാ പറഞ്ഞു. ഒരു രാജ്യത്തിനും ഭീകരതയെ ഒറ്റയ്ക്ക് വിജയകരമായി നേരിടാൻ കഴിയില്ല. വർദ്ധിച്ചുവരുന്ന, അതിരുകളില്ലാത്ത ഈ ഭീഷണിക്കെതിരെ അന്താരാഷ്ട്ര സമൂഹം തോളോട് തോൾ ചേർന്ന് പോരാടുന്നത് തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരവാദമുൾപ്പെടെയുള്ള വിവിധ വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യയെ അമിത് ഷാ അഭിനന്ദിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ അസഹിഷ്ണുതാ നയം, തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ ശക്തമായ ചട്ടക്കൂട്, ഏജൻസികളുടെ ശാക്തീകരണം എന്നിവ മൂലം തീവ്രവാദ സംഭവങ്ങളിൽ ഇന്ത്യയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. തീവ്രവാദ കേസുകളിൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ വിജയിച്ചതായും അദ്ദേഹം പറഞ്ഞു. തീവ്രവാദം, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് ദേശീയവും ആഗോളവുമായ ഡാറ്റാബേസുകൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമഗ്രമായ രീതിയിൽ സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി സർക്കാർ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Read Also: 'തയ്യാറായിരിക്കും, പക്ഷേ കളിക്കളത്തിലിറങ്ങില്ല'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam