
ദില്ലി: ഇന്ത്യയിൽ വൻ നിക്ഷേപത്തിന് സൗദി അറേബ്യ തീരുമാനിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 100 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് തീരുമാനം. ഏതാണ്ട് 7.05 ലക്ഷം കോടി രൂപയോളം വരുമിത്.
പെട്രോകെമിക്കൽ, അടിസ്ഥാന സൗകര്യ വികസനം, മൈനിംഗ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം. ഇന്ത്യയുടെ വളർച്ച പരിഗണിച്ചാണ് തീരുമാനം എന്നാണ് പിടിഐ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയും സൗദിയും തമ്മിൽ 40 രംഗങ്ങളിൽ സംയുക്ത പങ്കാളിത്തത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യയുമായി ദീർഘകാല സൗഹൃദം ഇതുവഴി സ്ഥാപിക്കാനാണ് സൗദി അറേബ്യയുടെ ലക്ഷ്യം. നിക്ഷേപത്തിന് തീരുമാനിച്ചതായി സൗദി അംബാസഡർ ഡോ സൗദ് ബിൻ മൊഹമ്മെദ് അൽ സാതിയാണ് അറിയിച്ചത്. സൗദി കിരീടാവകാശിയായ മൊഹമ്മെദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് വൻ നിക്ഷേപം വരുന്നത്. സൗദി അരാംകോയും റിലയൻസുമായുള്ള പങ്കാളിത്തം ഇന്ത്യയുമായുള്ള സൗദിയുടെ ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ ഉപഭോഗത്തിന് 17 ശതമാനം ക്രൂഡ് ഓയിൽ നൽകുന്നതും 32 ശതമാനം എൽപിജി നൽകുന്നതും സൗദി അറേബ്യയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam