
ദില്ലി: പേവിഷബാധ പ്രതിരോധ വാക്സീനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാത്ത കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പേവിഷ ബാധയ്ക്കെതിരെ റാബീസ് വാക്സീനുകളുടെ കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കേരളാ പ്രവാസി അസോസിയേഷൻ ഹർജിയിലാണ് കോടതി ഇടപെടൽ. ചർച്ചകൾ തുടരുമ്പോൾ വിലയേറിയ ജീവനുകൾ നഷ്ടപ്പെടുകയാണെന്ന് നിരീക്ഷിച്ച കോടതി, നീണ്ട കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തി.
കേസ് രണ്ട് വർഷമായി നീളുകയാണ്. ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശം ഉന്നയിച്ചത്. ഹർജിയിൽ മറുപടിയ്ക്കായി കേന്ദ്രം കൂടുതൽ സമയം തേടിയതോടെയാണ് കോടതി വിമർശിച്ചത്. പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. എന്നാൽ ആലോചനകൾ തീരും വരെ നായ്ക്കൾ കടിക്കാൻ കാത്തിരിക്കില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും ആറാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. അല്ലെങ്കിൽ, അടുത്ത വാദം കേൾക്കൽ തീയതിയിൽ ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു. കേരള പ്രവാസി അസോസിയേഷനായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹനൻ എന്നിവർ ഹാജരായി. കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹർജി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam