നാല് സംസ്ഥാനങ്ങൾ ഡോക്ടർമാർക്ക് ശമ്പളം നൽകുന്നില്ലെന്ന് കേന്ദ്രം; നടപടിയെടുത്തു കൂടെയെന്ന് സുപ്രീംകോടതി

By Web TeamFirst Published Jul 31, 2020, 3:08 PM IST
Highlights

മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ത്രിപുര സംസ്ഥാനങ്ങൾ ഡോക്ടർമാർക്ക് സമയത്തിന് ശമ്പളം കൊടുക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആരോഗ്യപ്രവർത്തർക്ക് ശമ്പളം ഉറപ്പാക്കാനുള്ള നിർദേശം കേന്ദ്രം പുറത്തിറക്കണം. അത് അംഗീകരിച്ചില്ലെങ്കിൽ അതിനെതിരെ വേണ്ട നടപടി എടുക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

ദില്ലി: രാജ്യത്തെ ഡോക്ടർമാർക്ക് സമയത്തിന് ശമ്പളം ഉറപ്പാക്കാൻ നടപടി എടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ക്വാറന്റീൻ കാലാവധി അവധിയായി കണക്കാക്കരുതെന്നും കോടതി പറഞ്ഞു. ആരോഗ്യപ്രവർത്തർക്ക് ശമ്പളം ഉറപ്പാക്കാനുള്ള നിർദേശം കേന്ദ്രം പുറത്തിറക്കണം. അത് അംഗീകരിച്ചില്ലെങ്കിൽ അതിനെതിരെ വേണ്ട നടപടി എടുക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ത്രിപുര സംസ്ഥാനങ്ങൾ ഡോക്ടർമാർക്ക് സമയത്തിന് ശമ്പളം കൊടുക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ശമ്പളം കൊടുക്കാതിരിക്കാൻ നിർബന്ധമായി ഡോക്ടർമാരുൾപ്പടെയുള്ള ആരോ​ഗ്യപ്രവർത്തകരെ ക്വാറന്റീനിലാക്കുകയാണെന്നും കോന്ദ്രസർക്കാർ പറഞ്ഞു. ഇതേത്തുടർന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്.

"കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാൻ സംസ്ഥാനങ്ങൾ തയ്യാറല്ലെങ്കിൽ നിങ്ങൾ നിസ്സഹായരല്ല. നിങ്ങളുടെ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്തണം. ദുരന്തനിവാരണ നിയമപ്രകാരം നിങ്ങൾക്ക് അതിനുള്ള അധികാരമുണ്ട്. ആവശ്യമായ നടപടികളെടുക്കാം". കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു.

സ്വകാര്യ മേഖലയിൽ ഡോക്ടറായ ആരുഷി ജെയിന്റെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഡോക്ടർമാർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമല്ലെന്ന സുപ്രീംകോടതിയുടെ മെയ് 15ലെ വിധി ചോദ്യം ചെയ്താണ് ആരുഷി ഹർജി സമർപ്പിച്ചത്. കൊവിഡ്യു പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് ശമ്പളം സമയത്തിന് ലഭിക്കുന്നില്ലെന്നും പലരുടെയും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ടെന്നും ആരുഷി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. യൂണെെറ്റഡ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയും കോടതി പരി​ഗണിച്ചു. ക്വാറൻരീൻ കാലാവധി അവധിയായി കണക്കാക്കപ്പെടുന്നതിനെതിരെയായിരുന്നു ഈ ഹർജി. എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും സമയത്തിന് തന്നെ ശമ്പളം നൽകണമെന്ന് കാട്ടി 24 മണിക്കൂറിനുള്ളിൽ ഉത്തരവിറക്കാൻ ജൂൺ 17ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്രം ജൂൺ 18ന് ഉത്തരവിറക്കിയെന്നും നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലാവരും അതനുസരിച്ച് നടപടിയെടുത്തെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. 


 

click me!