സിദ്ധീഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നി‍ർദേശിച്ചു

By Web TeamFirst Published Oct 12, 2020, 2:48 PM IST
Highlights

സിദ്ദിഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. 

ദില്ലി: ഹാഥ്റസ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഇതിനിടയിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി. 

സിദ്ദിഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. ജാമ്യം കിട്ടാത്ത സാഹചര്യമാണെന്നും യു.എ.പി.എ അടക്കം ചുമത്തിയതിനാൽ ആറോ ഏഴോ വര്‍ഷം ജയിലിൽ കിടക്കേണ്ടിവരുമെന്നും പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന്  ചീഫ് ജസ്റ്റിസ് മറുപടി നൽകി. 

സുപ്രീംകോടതിയിലുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഭേദഗതി വരുത്തി നൽകാനും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതിയിലെ കേസ് തള്ളാതെ നിലനിര്‍ത്തിയാണ് അലഹാബാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പത്രപ്രവര്‍ത്തക യൂണിയനോട് ചീഫ് ജസ്റ്റിസ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

click me!