
ദില്ലി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അഡ്വ. അശ്വിനികുമാര്‍ ഉപാധ്യായ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദു മതവിഭാഗം ന്യൂനപക്ഷമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ,ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി തള്ളി. സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രകാരം ന്യൂനപക്ഷത്തെ നിര്‍ണയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മുസ്ലിം, കൃസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി മതക്കാര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തു. ഒരു സംസ്ഥാനത്തെ ന്യൂനപക്ഷത്തെ മനസ്സിലാക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യവും കോടതി തള്ളി.
ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്ന് ആര്‍ക്കാണ് അറിയാത്തത്. അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമോ എന്നും സുപ്രീം കോടതി ചോദിച്ചു. സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷത്തെ കണക്കാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ന്യൂനപക്ഷത്തെ നിര്‍വചിക്കാനും മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനും കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും സാമ്പത്തികവും സാമൂഹികവും ജനസംഖ്യാപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ മാത്രം പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
നാഷണല്‍ കമ്മീഷന്‍ ഓഫ് മൈനോറിറ്റീസ് ആക്ടിലെ 2(സി) റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹര്‍ജിക്കാരന് ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam