അതിജീവിതയെ മാനസികമായി തളർത്തരുത്: പീഡനക്കേസുകളിൽ വിചാരണയ്ക്ക് മാർഗ്ഗനിർദേശങ്ങളുമായി സുപ്രീംകോടതി

By Web TeamFirst Published Aug 12, 2022, 9:06 AM IST
Highlights

അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാകുന്ന നിലയുണ്ടാവാൻ പാടില്ല. വിസ്താരത്തിൽ എതിർഭാഗം അഭിഭാഷകർ മാന്യതയോടെ കൂടി വേണം ചോദ്യങ്ങൾ ചോദിക്കാൻ 

ദില്ലി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിർദേശിച്ചു. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

പീഡനക്കേസുകളിൽ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാകുന്ന നിലയുണ്ടാവാൻ പാടില്ല. വിസ്താരത്തിൽ എതിർഭാഗം അഭിഭാഷകർ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താൻ. ലജ്ജാകരവും അനുചിതവുമായ  ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്. 

പേരറിവാളന് പിന്നാലെ ജയിൽ മോചനം ആവശ്യപ്പെട്ട് നളിനി 

ദില്ലി: രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന നളിനി ജയിൽമോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാണ് ആവശ്യം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.കേസിലെ ഏഴു പ്രതികളിൽ പേരറിവാളൻ, നളിനി, രവിചന്ദ്രൻ എന്നിവർ മാത്രമാണ് ഇന്ത്യക്കാർ. കേസിലെ മറ്റ് നാല് പ്രതികൾ ശ്രീലങ്കക്കാരാണ്. നിലവിൽ നളിനിയും രവിചന്ദ്രനും തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങൾക്കു മുമ്പ് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.

മാവോയിസ്റ്റ് രൂപേഷിനെതിരായ യുഎപിഎ വകുപ്പുകൾ പുനസ്ഥാപിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ 

ദില്ലി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസ്സുകളിലെ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. . വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസ്സുകളിൽ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഹർജി ഫയൽചെയ്തിരിക്കുന്നത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

click me!