ഇന്ത്യൻ സ്ത്രീകൾ അനു​ഗ്രഹിക്കപ്പെട്ടവർ, മനുസ്മൃതി സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകുന്നു: ഹൈക്കോടതി ജഡ്ജി

Published : Aug 12, 2022, 08:20 AM IST
ഇന്ത്യൻ സ്ത്രീകൾ അനു​ഗ്രഹിക്കപ്പെട്ടവർ, മനുസ്മൃതി സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകുന്നു: ഹൈക്കോടതി ജഡ്ജി

Synopsis

ഏഷ്യൻ രാജ്യങ്ങൾ വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ബഹുമാനിക്കുന്നതിൽ  മുന്നിലാണെന്നും അതിനു കാരണം നമ്മുടെ സാംസ്കാരികവും മതപരവുമായ പശ്ചാത്തലമാണെന്നും ജഡ്ജി പറഞ്ഞു.

ദില്ലി: മനുസ്മൃതിയെക്കുറിച്ചുള്ള ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിൽ വനിതാ സംഘടനകളുടെ എതിർപ്പ്. മനുസ്മൃതി സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകുന്നുവെന്നാണ് ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭ എം സിങ് പറഞ്ഞത്. മനുസ്മൃതി പോലുള്ള വേദഗ്രന്ഥങ്ങൾ സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനം നൽകുന്നതിനാൽ ഇന്ത്യൻ സ്ത്രീകൾ അനുഗ്രഹിക്കപ്പെട്ടവരാണെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ജഡ്ജി‌യുടെ പരാമർശത്തെ വനിതാ അവകാശ സംഘടനകൾ അപലപിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ (ഫിക്കി) വൈസ് കൗൺസിൽ (വിമൻ ഇൻ സയൻസ് ആൻഡ് എന്റർപ്രണർഷിപ്പ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജഡ്ജി.

ഇന്ത്യൻ ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ  ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ പ്രസം​ഗം. ഏഷ്യൻ രാജ്യങ്ങൾ വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ബഹുമാനിക്കുന്നതിൽ  മുന്നിലാണെന്നും അതിനു കാരണം നമ്മുടെ സാംസ്കാരികവും മതപരവുമായ പശ്ചാത്തലമാണെന്നും ജഡ്ജി പറഞ്ഞു. നമ്മൾ എങ്ങനെയായിരിക്കണമെന്നതിലും നമ്മൾ ആഗ്രഹിക്കുന്നത് നേടുന്നതിനും സ്ത്രീകളും പുരുഷന്മാരും നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കപ്പെട്ടില്ലെങ്കിൽ പ്രാർത്ഥനകൾ പ്രയോജനകരമല്ലെന്ന് മനുസ്മൃതി പോലും പറയുന്നുവെന്ന് അവർ പറഞ്ഞു.

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനി രാജ ജഡ്ജിക്കെതിരെ രം​ഗത്തെത്തി. ജഡ്ജി സ്വീകരിച്ച നിലപാടിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും സ്ത്രീകളെ മാനസികമായും ശാരീരികമായും അടിച്ചമർത്തുന്നത് മറച്ചുവെക്കാൻ ജഡ്ജി മനുസ്മൃതി ബോധപൂർവം തെര‍ഞ്ഞെടുക്കുകയാണെന്നും ആനിരാജ കുറ്റപ്പെടുത്തി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ, പ്രത്യേകിച്ച് ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ ദയനീയാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് അജ്ഞനാണെന്ന് ഇവർ പറഞ്ഞു. മനുസ്മൃതിയിൽ പറയുന്നത് യഥാർത്ഥത്തിൽ സ്ത്രീകളുടെ മേലുള്ള നിയന്ത്രണമാണ്. എല്ലാം ജാതിവ്യവസ്ഥയും വർണ്ണവിവേചനം നിലനിർത്താനാണ്. ഒരു ന്യായാധിപൻ ഇതിനെയെല്ലാം 'ബഹുമാനം' എന്ന് വിളിക്കുന്നത് അസംബന്ധമാണെന്ന് ആക്ടിവിസ്റ്റ് കവിതാ കൃഷ്ണൻ വിമർശിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ