
ഇസ്ലാമാബാദ്: നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സാധിക്കും എന്നുണ്ടെങ്കില്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കുന്ന കാര്യം പാകിസ്ഥാന്‍ സജീവമായി പരിഗണിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാന്‍ മാധ്യമമായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദില്ലിയിലെ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ചില രേഖകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. തുറന്ന ഹൃദയത്തോടെ തന്നെ ഞങ്ങള്‍ ഇന്ത്യ കൈമാറിയ തെളിവുകളേയും വിവരങ്ങളും ഞങ്ങള്‍ പരിശോധിക്കും. അവയില്‍ എന്തെങ്കിലും സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ടെങ്കില്‍ അക്കാര്യം സജീവമായി പരിഗണിക്കും - ഖുറേഷി വ്യക്തമാക്കി.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഏത് നടപടി സ്വീകരിക്കാനും പാകിസ്ഥാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ പോസീറ്റിവായ ഒരു നിലപാടാണ് പാകിസ്ഥാനുള്ളത്. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ പാകിസ്ഥാന്‍റെ പിടിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുന്നതും ഞങ്ങള്‍ പരിഗണിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നദ്ധത അറിയിക്കുന്ന പക്ഷം അദ്ദേഹത്തോട് സംസാരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തയ്യാറാണെന്നും ഖുറേഷി വ്യക്തമാക്കി.
ഒരു യുദ്ധമുണ്ടാക്കുന്ന വക്ഷം പാകിസ്ഥാനെ അത് ദോഷകരമായി ബാധിക്കും. അതേ പോലെ തന്നെ അത് ഇന്ത്യന്‍ സന്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാവും. മേഖലയില്‍ സമാധാനം നിലനിര്‍ത്തണം എന്നാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. പാകിസ്ഥാനുമായി ചര്‍ച്ച നടത്തില്ലെന്ന ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച ഖുറേഷി ന്യൂയോര്‍ക്കില്‍ വച്ചു താനുമായി സംസാരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തയ്യാറായിരുന്നുവെങ്കില്‍ ഇതൊരു പുതിയ പാകിസ്ഥാനാണെന്ന് ഇന്ത്യയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നുവെന്നും ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam