
ദില്ലി: ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ട് കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഫോം 17 സി പ്രസിദ്ധീകരിച്ചാല്‍ കണക്കുകളില്‍ കള്ളത്തരം സൃഷ്ടിക്കാനാകുമെന്നായിരുന്നു കമ്മീഷന്‍റെ വാദം.
പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കാന്‍ വൈകുന്നതും, പോളിംഗിന് പിന്നാലെ പുറത്ത് വിടുന്ന കണക്കും യഥാര്‍ത്ഥ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ ഹര്‍ജി എത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയില്‍ ദുരൂഹത ആരോപിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമും പ്രതിപക്ഷത്തെ നേതാക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുതാര്യത ഉറപ്പിക്കാന്‍ ബൂത്തുകളിലെ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഫോം 17 സി പുറത്ത് വിടണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ ആവശ്യം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ന്യായീകരണം.
ഫോം 17 സി അതേ പോലെ പ്രസിദ്ധീകരിച്ചാല്‍ മോര്‍ഫ് ചെയ്ത് കണക്കുകളില്‍ കൃത്രിമത്വം കാട്ടാനാകുമെന്ന് കമ്മീഷന്‍ കോടതിയില്‍ വാദിച്ചു. നിലവില്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്ന ഫോം 17 സി പോളിംഗ് ഏജന്‍റുമാര്‍ക്ക് നല്‍കുന്നുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. വാദം പരിഗണിച്ച ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ തുടരുന്നതില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, വേനലവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കാമെന്നും അറിയിച്ചു.
യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിടാതിരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഫോം 17 സി പുറത്ത് വിടാത്തത് ഭരണഘടന ഉത്തരവാദിത്തം കമ്മീഷന്‍ മറന്നതിന്‍റെ തെളിവാണെന്നും ആക്ഷേപമുയരുന്നുണ്ട്. പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മോദിയോടും രാഹുല്‍ ഗാന്ധിയോടും ഇരട്ട നീതിയാണ് കമ്മീഷന്‍ സ്വീകരിച്ചതെന്ന വിമര്‍ശനവും ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam