പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടിയുടെ ചൊവ്വാദോഷം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്, സ്റ്റേ ചെയ്ത് സുപ്രീം കോടതി

By Web TeamFirst Published Jun 4, 2023, 10:11 AM IST
Highlights

ശനിയാഴ്ച നടന്ന പ്രത്യേക സിറ്റിംഗിലാണ് അലഹബാദ് കോടതിയുടെ വിചിത്ര ഉത്തരവിന് സുപ്രീം കോടതി തടയിട്ടത്.

ദില്ലി: പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ജാതകത്തിലെ ചൊവ്വാദോഷം പരിശോധിക്കാന്‍ ഉത്തരവിട്ട അലഹബാദ് കോടതി നടപടിക്ക് സ്റ്റേ നല്‍കി സുപ്രീം കോടതി. ശനിയാഴ്ച നടന്ന പ്രത്യേക സിറ്റിംഗിലാണ് അലഹബാദ് കോടതിയുടെ വിചിത്ര ഉത്തരവിന് സുപ്രീം കോടതി തടയിട്ടത്. ലക്നൌ സര്‍വ്വകലാശാലയിലെ ജ്യോതിഷ വകുപ്പിനോടാണ് പീഡനക്കേസിലെ ഇരയുടെ ജാതകത്തിലെ ചൊവ്വാദോഷം പരിശോധിക്കാന്‍ അലഹബാദ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് പങ്കജ് മിത്തലും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് അലഹബാദ് കോടതി ഉത്തരവിനെതിരായ  നടപടി.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വഞ്ചിച്ച കേസിലായിരുന്നു നടപടിയ്ക്ക് പെണ്‍കുട്ടിയുടെ ജാതകത്തെ പ്രതി പഴി ചാരിയത്. ഇതോടെയാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ബ്രിജ് രാജ് സിംഗ് ജാതകം പരിശോധിക്കാന്‍ ഉത്തരവിട്ടത്. അലഹബാദ് കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നോയെന്ന് സോളിസിറ്റര്‍ ജനറലിനോട് സുപ്രീം കോടതി അന്വേഷിച്ചിരുന്നു.  ഉത്തരവ് ശ്രദ്ധിച്ചിരുന്നതായും ശല്യപ്പെടുത്തുന്ന രീതിയിലുള്ളതാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് വിശദമാക്കിയത്. യുവതിക്ക് ചൊവ്വാ ദോഷമുണ്ടെന്നും അതുകൊണ്ടാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്നായിരുന്നു യുവാവിന്‍റെ വാദം.

തുടർന്നാണ് കോടതി യുവതിക്ക് ചൊവ്വാദോഷം ഉണ്ടോയെന്ന് കണ്ടെത്താനായി ജാതകം പരിശോധിക്കാൻ നിർദ്ദേശം നല്‍കിയത്.  ഇതിന് പിന്നാലെ യുവതിയുടെ ജാതകം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നല്‍കാൻ ലഖ്‌നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. യുവതിക്ക് ചൊവ്വാദോഷമായതിനാൽ വിവാഹം നടത്താനാകില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ  ചൊവ്വാ ദോഷമില്ലെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചത്. ഇതിന് പിന്നാലെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. 

ലൈംഗിക ബന്ധത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറി, ചൊവ്വാ ദോഷമെന്ന് യുവാവ്, യുവതിയുടെ ജാതകം പരിശോധിക്കാൻ കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!