
ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാന്‍ മറ്റ് വഴികള്‍ തേടുന്ന മദ്യ കമ്പനികളുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ഇത്തരം പാക്കേജിംഗുകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും പ്രായപൂര്‍ത്തിയാകാത്തവരില്‍ മദ്യപാന ശീലം കൂട്ടാന്‍ കാരണമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കാണുമ്പോള്‍ ഫ്രൂട്ട് ജ്യൂസ് പാക്കറ്റ് പോലെ തോന്നിപ്പിക്കുന്ന 'ടെട്രാ പാക്കുകളിലും' ചെറിയ സാഷെകളിലും മദ്യം വില്‍ക്കുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയിരിക്കുകയാണ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനും വിവിധ സംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പുകള്‍ക്കും നോട്ടീസ് അയച്ചത്. 'കമ്മ്യൂണിറ്റി എഗെയ്ന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ്' എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നടപടി.
പുകയില ഉല്‍പന്നങ്ങളില്‍ നല്‍കുന്നത് പോലെ ഇത്തരം മദ്യപാനീയങ്ങളില്‍ വ്യക്തമായ മുന്നറിയിപ്പുകള്‍ ഉണ്ടാകാറില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വിപിന്‍ നായര്‍ കോടതിയെ ബോധിപ്പിച്ചു. പുറത്തുനിന്ന് നോക്കിയാല്‍ സാധാരണ ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകള്‍ പോലെയാണ് ഇവ ഇരിക്കുന്നത്. ആപ്പിളിന്റെ ചിത്രങ്ങളും 'ചില്ലി മാംഗോ വോഡ്ക' പോലുള്ള ആകര്‍ഷകമായ ലേബലുകളുമാണ് ഇവയില്‍ ഉണ്ടാകുക. എന്നാല്‍ ഉള്ളില്‍ വോഡ്ക പോലെയുള്ള വീര്യമേറിയ മദ്യമായിരിക്കും. ഇത് ഉപഭോക്താക്കളെ പൂര്‍ണ്ണമായും വഴിതെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ള രൂപകല്‍പ്പനയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
ടെട്രാ പാക്കുകളിലും സാഷെകളിലും മദ്യം വില്‍ക്കുന്നത് നിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ ഒരു ഏകീകൃത നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.കൂടാതെ, മദ്യം കുപ്പികളിലാക്കുന്ന പ്രക്രിയയ്ക്ക് കൃത്യമായ ഒരു മാനദണ്ഡം കൊണ്ടുവരണം. മദ്യവില്‍പ്പന ഗ്ലാസ് കുപ്പികളിലോ അല്ലെങ്കില്‍ മദ്യമാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന മറ്റ് കണ്ടെയ്‌നറുകളിലോ മാത്രമായി പരിമിതപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ടെട്രാ പാക്കുകളിലെ മദ്യവില്‍പ്പനയെ സുപ്രീം കോടതി വിമര്‍ശിക്കുന്നത് ഇതാദ്യമായല്ല. മുന്‍പ് 2025 നവംബറില്‍ രണ്ട് വിസ്‌കി ബ്രാന്‍ഡുകള്‍ തമ്മിലുള്ള ട്രേഡ്മാര്‍ക്ക് തര്‍ക്കം പരിഗണിക്കുന്നതിനിടയിലും കോടതി സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിപണിയില്‍ ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നത് വ്യാപകമാകുന്നതിനെ അന്ന് വിമര്‍ശിച്ച കോടതി, ഈ പാക്കറ്റുകള്‍ക്ക് ഫ്രൂട്ട് ജ്യൂസ് കാര്‍ട്ടണുകളോട് സാദൃശ്യമുണ്ടെന്ന് പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam