
നിരവധി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി മത്സര പരീക്ഷകളിൽ ഹാജരാവുകയും ആൾമാറാട്ടം നടത്തി പരീക്ഷയെഴുതുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ തലത്തിൽ നടത്തിയ പതിനാറോളം പരീക്ഷകളിലും നാല് കേന്ദ്ര സർക്കാർ റിക്രൂട്ട്മെന്റുകളിലും ഈ സർക്കാർ സ്കൂൾ അധ്യാപകൻ മറ്റുള്ളവരുടെ പേരിൽ ഹാജരായി പരീക്ഷയെഴുതിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ പലരും ഈ പരീക്ഷകൾ ഇങ്ങനെ പാസായി ഇപ്പോൾ സർക്കാർ ജോലിയിലാണത്രെ.
രാജസ്ഥാനിലെ ദൗസ ജില്ലയിൽ സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന റോഷൻ ലാൽ മീണ എന്നയാളാണ് അറസ്റ്റിലായത്. സംസ്ഥാന പൊലീസിന്റെ സ്‍പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇയാളുടെ ആൾമാറാട്ട കഥകൾ അന്വേഷിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ആളിനെ തേടിയെത്തിയത്. ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പരീക്ഷയെഴുതുന്ന 'ഡമ്മി കാൻഡിഡേറ്റ്' ആയിരുന്നു റോഷൻ ലാൽ മീണ എന്ന് രാജസ്ഥാൻ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡെപ്യൂട്ടി ഇൻസ്‍പെക്ടർ ജനറൽ അനിൽ പാരിസ് ദേശ്മുഖ് പറഞ്ഞു.
ഇരുപതിലധികം ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഇങ്ങനെ ഡമ്മി കാൻഡിഡേറ്റായി റോഷൻ ലാൽ മീണ പരീക്ഷയെഴുതിയിട്ടുണ്ടെന്നും അവരിൽ പലരും ഇപ്പോൾ സർക്കാർ സർവീസിലുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം തനിക്ക് സർക്കാർ സർവീസിൽ അധ്യാപകനായി ജോലി കിട്ടുന്നതിന് മുമ്പാണ് ഇത്തരത്തിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ റോഷൻ ലാൽ മീണ പോയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam