
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മൈഹാറിൽ രണ്ട് കുട്ടികള്‍ മരിച്ചത് അഞ്ചാം പനി മൂലമെന്ന് സംശയം. പ്രദേശത്തെ 17 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് അധികൃതര്‍ എത്തിയത്. തുടർന്ന് പ്രദേശത്തെ എട്ട് ഗ്രാമങ്ങളിലെ എല്ലാ സ്കൂളുകളും അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തിക്കരുതെന്നാണ് സ്കൂളുകളോട് നിർദേശിച്ചിരിക്കുന്നത്.
അഞ്ചാം പനി നിയന്ത്രിക്കാനായി ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ തന്നെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 14നും 16നും ആയിരുന്നു രണ്ട് കുട്ടികളുടെ മരണം. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് ഗ്രാമങ്ങളിലായി 17 കുട്ടികൾക്ക് കൂടി അഞ്ചാം പനി ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ പറഞ്ഞു. ഇവരിൽ ഏഴ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് എട്ട് ഗ്രാമങ്ങളിലെ എല്ലാ സർക്കാർ - സ്വകാര്യ സ്കൂളുകളും അടച്ചിടാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണിത്. ഈ ഗ്രാമങ്ങളിലെ അഞ്ച് കിലോമീറ്റർ പരിധിയിൽ സർവേ നടത്താനും നിർദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു പരിപാടികളിലും കുട്ടികള്‍ ഒരുമിച്ച് കൂടരുതെന്നും നിർദേശം നൽകി.
രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പികളുകൾ ഭോപ്പാലിലെ ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പരിശോധനയ്ക്ക് അയച്ചു. പ്രദേശം സന്ദര്‍ശിക്കാൻ ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള സംഘവും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...