ദില്ലിയില്‍ കോടതിവളപ്പില്‍ അഭിഭാഷക-പൊലീസ് സംഘര്‍ഷം,വെടിവെപ്പ്

By Web TeamFirst Published Nov 2, 2019, 4:51 PM IST
Highlights

കോടതിവളപ്പില്‍ പൊലീസ് വാഹനത്തിനു തീയിട്ടെന്നാണ് വിവരം. സംഘര്‍ഷത്തിനിടെ വെടിവെപ്പുണ്ടായെന്നും പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 

ദില്ലി: രാജ്യതലസ്ഥാനത്തെ തീസ് ഹസാരി കോടതി  സമുച്ചയത്തില്‍ അഭിഭാഷകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ശനിയാഴ്ച് ഉച്ചയ്ക്കാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.  സംഘര്‍ഷത്തിനിടെ ഒരു പൊലീസ് ജീപ്പിന് ആരോ തീ കൊളുത്തിയതിനെ തുടര്‍ന്ന് കോടതി വളപ്പില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ കാണാവുന്ന തരത്തില്‍ പുക ഉയര്‍ന്നത് ജനങ്ങളിലും ആശങ്ക സൃഷ്ടിച്ചു.

സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ പരിക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോടതി സമുച്ചയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത് എന്നാണ് വിവരം.  

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കോടതി വളപ്പിലേക്കുള്ള ഗേറ്റുകള്‍ അഭിഭാഷകര്‍ അടച്ചു. ഇതോടെ പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതിയിലേക്ക് പ്രവേശിക്കാനാവാതെ വന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ കോടതി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. 

കോടതിയിലേക്ക് എത്തിയ ഒരു അഭിഭാഷകന്‍റെ കാറില്‍ പൊലീസ് വാഹനം ഇടിച്ചെന്നും ഇതു ചോദ്യം ചെയ്ത അഭിഭാഷകനെ ആറംഗ പൊലീസ് സംഘം കൈയ്യേറ്റം ചെയ്യുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് തീസ് ഹസാരി കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. 

click me!