
മുംബൈ: മഹാരാഷ്ട്ര സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണ സംഭവത്തിൽ ശിൽപിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ശിൽപിയും കരാറുകാരനുമായ ജയദീപ് ആപ്‌തെയെയാണ് താനെ ജില്ലയിലെ കല്യാണിൽ നിന്ന് മഹാരാഷ്ട്ര ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആപ്‌തെ ഇപ്പോൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ഡിസിപി) ഓഫീസിലാണ്.
ഒൻപത് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജ് പ്രതിമ ഓഗസ്റ്റ് 26 ന് തകർന്നുവീണിരുന്നു. സംഭവത്തിൽ മോദി ക്ഷമ ചോദിച്ചിരുന്നു. പ്രതിമ തകർന്നതിന് ശേഷം ശിൽപി ഒളിവിൽ പോയി. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് 24 കാരനായ ശിൽപ്പിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വലിയ പ്രതിമകൾ നിർമിച്ച് പരിചയമില്ലെന്നും കല്യാണിലെ ഒരു ആർട്ട് കമ്പനിയുടെ ഉടമയാണെന്നും പൊലീസ് പറയുന്നു.
പ്രതിമ തകർന്നത് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിവാദമായിരുന്നു. സംഭവത്തിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചു. സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനും എതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിരുന്നു.
ഇത്രയും വലിയ പ്രതിമ നിർമിക്കാൻ പരിചയക്കുറവുണ്ടായിട്ടും ആപ്‌തെയ്ക്ക് എങ്ങനെയാണ് കരാർ നൽകിയതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. അതേസമയം, പദ്ധതിക്കായി സംസ്ഥാന ട്രഷറിയിൽ നിന്ന് 236 കോടി രൂപ അനുവദിച്ചിട്ടും ഒന്നര കോടി രൂപ മാത്രമാണ് പ്രതിമ നിർമാണത്തിന് ചെലവഴിച്ചതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam