ദളിത് സ്ത്രീകൾക്ക് സീറ്റ് സംവരണം; തദ്ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് തമിഴ്നാട്ടിലെ ​ഗ്രാമം

By Web TeamFirst Published Dec 27, 2019, 10:18 PM IST
Highlights

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ പിച്ചവിലായ് ​ഗ്രാമത്തിലെ 785 വോട്ടർമാരിൽ ആറ് പേർ മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ദളിത് വിഭാ​ഗത്തിൽ പെട്ടവരാണ് ഈ ആറ് പേരും. അവശേഷിക്കുന്ന 779 വോട്ടർമാരും വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. മാത്രമല്ല, അവരുടെ വീടിന് മുന്നിൽ കറുത്ത കൊടി കെട്ടുകയും ചെയ്തു. 

ചെന്നൈ: ദളിത് സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ ഒരു ഗ്രാമം മുഴുവൻ വെള്ളിയാഴ്ച നടന്ന തദ്ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ പിച്ചവിലായ് ​ഗ്രാമത്തിലെ 785 വോട്ടർമാരിൽ ആറ് പേർ മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയത്. ദളിത് വിഭാ​ഗത്തിൽ പെട്ടവരാണ് ഈ ആറ് പേരും. അവശേഷിക്കുന്ന 779 വോട്ടർമാരും വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. മാത്രമല്ല, അവരുടെ വീടിന് മുന്നിൽ കറുത്ത കൊടി കെട്ടുകയും ചെയ്തു. ഈ ഗ്രാമത്തിലെ 785 പേരില്‍ ആറ് പേര്‍ ദളിത് സമുദായാംഗങ്ങളും ബാക്കി 779 പേര്‍ നാടാര്‍ സമുദായത്തില്‍ പെട്ടവരുമാണ്. 

താലൂക്ക് ഉദ്യോഗസ്ഥർ മറ്റുള്ളവരോട് നിന്നുള്ളവരോട് വോട്ടുചെയ്യാൻ അഭ്യർത്ഥിച്ചെങ്കിലും ആരും അനുസരിക്കാൻ തയ്യാറായില്ല. വോട്ടിം​ഗിന് സജ്ജമാക്കിയിരുന്ന നാല് പോളിം​ഗ് ബൂത്തുകളും വിജനമായിരുന്നു. ''സീറ്റ് സംവരണം ശരിയായ രീതിയിലല്ല നടത്തിയത്. ഞങ്ങളാണ് ഭൂരിപക്ഷം. എന്നിട്ടും ഞങ്ങൾക്കിടയിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തില്ല. അതുകൊണ്ടാണ് പ്രതിഷേധ സൂചകമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.'' പ്രദേശവാസികളിലൊരാളായ മാഡിസുഡു പെരുമാൾ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

''ഞങ്ങൾക്ക് ആകെ 785 വോട്ടുകളുണ്ട്. ഞങ്ങൾക്ക് ഒരു സീറ്റ് അനുവദിച്ചിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ വോട്ട് ചെയ്യാതിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഞങ്ങളെ അനുവദിക്കാത്തതിനാൽ ഞങ്ങൾ വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. എന്തിനാണ് ഞങ്ങൾ അവർക്ക് വോട്ട് ചെയ്യേണ്ടത്? ”- മറ്റൊരു പ്രദേശവാസിയായ അജിത് കുമാർ പറയുന്നു. ഉയർന്ന സമുദായമായ നാടാർ വിഭാ​ഗത്തിലെ ചില യുവാക്കൾ  വോട്ട് ചെയ്യാൻ സന്നദ്ധരായിരുന്നു. എന്നാൽ പോളിംഗ് ബൂത്തിൽ പോകുന്നതിൽ നിന്ന് സമുദായ നേതാക്കൾ അവരെ തടയുകയായിരുന്നുവെന്നും പ്രദേശവാസികൾ  പറഞ്ഞു.

എന്നാൽ ബഹിഷ്കരണത്തെക്കുറിച്ച് സംസാരിക്കാൻ ദളിതരായ ആറു വോട്ടർമാരും തയാറായില്ല. നാടാർ സമുദായ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാമുകളിലാണ് അവർ ജോലി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ തസ്തിക കൂടാതെ, പഞ്ചായത്ത് വാർഡ് അംഗം, പഞ്ചായത്ത് യൂണിയൻ കൗൺസിലർ, പഞ്ചായത്ത് ജില്ലാ കൗൺസിലർ എന്നീ ഒഴിവുകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.

click me!