ഇന്ത്യൻ പാരമ്പര്യത്തിന് മതേതരത്വം ഭീഷണി ഉയർത്തുന്നുവെന്ന് യോ​ഗി ആദിത്യനാഥ്

By Web TeamFirst Published Mar 8, 2021, 4:30 PM IST
Highlights

സ്വന്തം നേട്ടത്തിനായി പൊതുജനങ്ങളെ വഴിതെറ്റിക്കുകയും രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന ആളുകളെ വെറുതെ വിടുകയില്ലെന്നും ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ലക്നൗ: ഇന്ത്യൻ പാരമ്പര്യത്തിന് ആ​ഗോളതലത്തിൽ ശ്രദ്ധ ലഭിക്കുന്നതിൽ മതേതരത്വം ഭീഷണി ഉയർത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ ശുദ്ധവും ആരോ​ഗ്യപരവുമായ ശ്രമങ്ങൾ അനിവാര്യമാണെന്നും ആ ദിശയിലേക്ക് എത്തിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പരാമർശത്തെ സാധൂകരിക്കുന്നതിനായി കംബോഡിയയിലെ പ്രശസ്തമായ അങ്കോർവാത്ത് ക്ഷേത്രസമുച്ചയ സന്ദർശനത്തെക്കുറിച്ചും അവിടെ വച്ച് കണ്ടുമുട്ടിയ ബുദ്ധമത വിശ്വാസിയായ ​ഗൈഡിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബുദ്ധമതത്തിന്റെ ഉത്ഭവം ഹിന്ദുമതമാണെന്ന് അറിയാമെന്ന് ​ഗൈഡ് പറഞ്ഞതായും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

കംബോഡിയയിൽ വച്ച് കണ്ട യുവാവിന് താൻ ബുദ്ധമതവിശ്വാസിയാണെന്നും ബുദ്ധമതത്തിന്റെ ഉത്ഭവം എവിടെയാണെന്നും അറിയാം. തന്റെ വിശ്വാസം പ്രകടിപ്പിക്കാൻ അയാൾക്ക് സാധിക്കും. എന്നാൽ ഇക്കാര്യം പറഞ്ഞാൽ ഇന്ത്യയിലെ പല ആളുകളുടെയും മതേതരത്വം അപകടത്തിലാകും.  

ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ പ്രചരിപ്പിക്കാനും അവക്ക് ലോകതലത്തിൽ അം​ഗീകാരം ലഭിക്കാനും മതേതരത്വം എന്ന വാക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ഇതിൽ നിന്ന് പുറത്തുവരാനുള്ള ശുദ്ധവും ആരോ​ഗ്യപരവുമായ ശ്രമങ്ങൾ വൻതോതിൽ നടത്തണം. യോ​ഗി ആദിത്യനാഥ് പറഞ്ഞു. രാമായണം ഗ്ലോബൽ എൻസൈ​ക്ലോപീഡിയയുടെ ആദ്യ എഡിഷൻ ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

സ്വന്തം നേട്ടത്തിനായി പൊതുജനങ്ങളെ വഴിതെറ്റിക്കുകയും രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന ആളുകളെ വെറുതെ വിടുകയില്ലെന്നും ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൈന്ദവ ഇതിഹാസങ്ങളിലെ കഥകൾ മെച്ചപ്പെട്ട ഇന്ത്യയെക്കുറിച്ച് സങ്കൽപിക്കാൻ സഹായിക്കുന്നവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അയോധ്യയിലെ രാമന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴും പലരും ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത്തരം മാനസികാവസ്ഥകൾ ഇന്ത്യയുടെ മഹത്വത്തെ മാറ്റിനിർത്താൻ കാരണമാകുന്നുണ്ട്. 
 

click me!